റയലിൽ നിന്ന് ആ പ്രീമിയർ ലീഗ് ക്ലബ്ബിലേക്ക് ചേരാൻ തീരുമാനിച്ചിരുന്നു, വെളിപ്പെടുത്തലുമായി കാർലോസ്

റയൽ മാഡ്രിഡ്‌ വിടുമ്പോൾ പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയിലേക്ക് കൂടുമാറാൻ തീരുമാനിച്ചിരുന്നുവെന്നും എന്നാൽ അവസാനനിമിഷത്തിൽ അത് നടക്കാതെ പോയതായും ബ്രസീലിയൻ സൂപ്പർ താരം റോബർട്ടോ കാർലോസിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ഗോൾ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിലാണ് കാർലോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെൽസിയുമായുള്ള കരാറിന്റെ വക്കിൽ വരെ എത്തിയിരുന്നുവെന്നും എന്നാൽ അവസാനനിമിഷം അത് മുടങ്ങിപോവുകയും തുടർന്ന് തുർക്കി ക്ലബ്‌ ഫെനർബാഷയിലേക്ക് ചേക്കേറാൻ താൻ തീരുമാനിക്കുകയുമായിരുന്നു എന്നുമാണ് റോബർട്ടോ കാർലോസ് പറഞ്ഞത്. ദീർഘകാലം റയൽ മാഡ്രിഡിന്റെ പ്രതിരോധനിര കാത്ത ശേഷം കാർലോസ് 2007-ലായിരുന്നു റയൽ വിട്ടത്.

” റയൽ മാഡ്രിഡ്‌ വിടാൻ നേരത്ത് എനിക്ക് രണ്ട് ഓഫറുകൾ ലഭിച്ചിരുന്നു. ഒന്ന് തുർക്കി ക്ലബായ ഫെനർബാഷയിൽ നിന്നും രണ്ടാമത്തേത്ത് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിൽ നിന്നും. പക്ഷെ ചെൽസിയുടെ കരാർ നടക്കാത്തതിനാൽ ഞാൻ ഫെനർബാഷയിലേക്ക് പോയി. പക്ഷെ ചെൽസിയിലേക്കെത്തുന്നതിന്റെ വക്കിൽ വരെ ഞാനെത്തിയിരുന്നു. വാക്കാലുള്ള അനൗദ്യോഗികകരാർ ഞങ്ങൾ തമ്മിൽ നടന്നുകഴിഞ്ഞിരുന്നു ” കാർലോസ് പറഞ്ഞു.

” ഫെനർബാഷയിലെത്തുന്നതിന്റെ ഒരു ആഴ്ച്ച മുൻപ് ഞാനും ചെൽസി ഉടമസ്ഥനായ റോമൻ അബ്രമോവിച്ചും പീറ്റർ കെൻയോനും തമ്മിൽ പാരീസിൽ വെച്ച് കണ്ടുമുട്ടിയിരുന്നു. പക്ഷെ നിർഭാഗ്യവശാൽ അവസാനനിമിഷം അത് നടന്നില്ല. വക്കീലുമായുള്ള ചെറിയ പ്രശ്നങ്ങൾ ആയിരുന്നു അത് മുടക്കിയത്. ഫുട്‍ബോളിൽ ഇത്തരം കാര്യങ്ങൾ ഒരുപാട് നടക്കുന്നുണ്ട് ” റോബർട്ടോ കാർലോസ് ഗോൾ ഡോട്ട് കോമിന്റെ ഹെയ്നെകിൻ ലെജൻഡ്സ് ചാലഞ്ചിൽ റോബർട്ടോ കാർലോസ് കൂട്ടിച്ചേർത്തു.

അതേ സമയം ലോകത്തെ ഏറ്റവും മികച്ച താരം ബ്രസീലിയൻ റൊണാൾഡോയാണെന്നും മെസ്സിയും ക്രിസ്റ്റ്യാനോയെന്നും അദ്ദേഹവുമായി താരതമ്യം അർഹിക്കുന്നില്ലെന്നും കാർലോസ് അഭിപ്രായപ്പെട്ടിരുന്നു. അപൂർവമായ പ്രതിഭയാണ് റൊണാൾഡോയെന്നും നെയ്മറോ മെസ്സിയോ ക്രിസ്റ്റ്യാനോയോ ഫുട്ബോൾ ലോകത്തെ മറ്റേത് താരമായാലും റൊണാൾഡോക്ക് കീഴെ മാത്രമേ വരികയൊള്ളൂ എന്ന് അഭിപ്രായക്കാരനായിരുന്നു കാർലോസ്. ആ കാലഘട്ടത്തിൽ ഗോൾ നേടാൻ ബുദ്ധിമുട്ട് ആയിരുന്നുവെന്നും എന്നാൽ റൊണാൾഡോ എല്ലാത്തിനെയും നിഷ്പ്രയാസം മറികടന്നിരുന്നുവെന്നും കാർലോസ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *