റയലിലെത്തും മുമ്പേ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഓഫർ വന്നിരുന്നുവെന്ന് ജെയിംസ് റോഡ്രിഗസ്

റയൽ മാഡ്രിഡിലെത്തുന്നതിന് മുന്നേ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും തനിക്ക് ഓഫർ വന്നിരുന്നുവെന്നും എന്നാൽ താനത് നിരസിച്ചുവെന്നും വെളിപ്പെടുത്തി കൊളംബിയൻ സൂപ്പർ താരം ജെയിംസ് റോഡ്രിഗസ്. താരം റിയോ ഫെർഡിനന്റിന് ലോക്കർ റൂം വഴി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2013 – ൽ പോർട്ടോയിൽ കളിക്കുന്ന കാലത്തായിരുന്നു ഓഫർ വന്നിരുന്നതെന്നും എന്നാൽ അത് ശരിയായ സമയമല്ല എന്ന് തോന്നിയതിനാൽ നിരസിക്കുകയും പിന്നീട് മൊണോക്കോയിൽ ചേരുകയായിരുന്നുവെന്നും താരം അറിയിച്ചു. ഈഡൻ ഹസാർഡിനെ ടീമിലെത്തിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഫെർഗൂസൻ പിന്നീട് നോട്ടമിട്ടത് റോഡ്രിഗസിനെ ആയിരുന്നു. താരത്തിന് യുണൈറ്റഡിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അന്നത് നിരസിക്കേണ്ടി വരികയായിരുന്നുവെന്നും ചെറിയ ക്ലബിൽ കളിക്കുന്നത് ആയിരിക്കും തനിക്ക് നല്ലതെന്ന് തോന്നിയതിനാലാണ് അന്ന് അങ്ങനെ ചെയ്തതെന്നും റോഡ്രിഗസ് കൂട്ടിച്ചേർത്തു. 2014 വേൾഡ് കപ്പിലെ തകർപ്പൻ പ്രകടനത്തിനെ തുടർന്ന് താരം പിന്നീട് റയലിൽ എത്തുകയായിരുന്നു.

” അന്ന് മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള ചർച്ചകൾ നടന്നിരുന്നു. എന്റെ ഏജന്റ് ആയ ജോർജെ മെൻഡസിന് യൂണൈറ്റഡുമായി അടുത്ത ബന്ധമായിരുന്നു. എനിക്കെപ്പോഴും നല്ല മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള ക്ലബുകളിൽ കളിക്കാൻ ആഗ്രഹമുണ്ടായിരുന്നു. റിയോ ഫെർഡിനന്റ്, ഗിഗ്‌സ്, സ്‌കോൾസ് എന്നീ താരങ്ങളെ കണ്ടാണ് ഞാൻ വളർന്നത്. എനിക്ക് അവിടെ ചേരാനുള്ള അവസരം വന്നിരുന്നു. നിർഭാഗ്യവശാൽ അന്നത് സംഭവിച്ചില്ല. അന്ന് വളരെ വലിയ ക്ലബുകൾക്ക് വേണ്ടി കളിക്കുന്നത് തനിക്ക് നല്ലതായിരിക്കില്ല എന്ന് തോന്നി. കൂടാതെ വേൾഡ് കപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചു. തീർച്ചയായും മികച്ച പ്രകടനം നടത്താനും അതുവഴി റയൽ മാഡ്രിഡ്‌ എന്ന വലിയ ക്ലബിൽ എത്താനും സാധിച്ചു ” റോഡ്രിഗസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *