റമദാനിൽ മുസ്ലിം താരങ്ങളോടുള്ള പരിപാലനം,ലിവർപൂളിനെ പ്രശംസിച്ച് മാനെ!

വളരെ പ്രധാനപ്പെട്ട ഒരു സമയത്തിലൂടെയാണ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നിർണായക മത്സരങ്ങളാണ് അവരിപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്.എന്നാൽ ലിവർപൂൾ ടീമിലെ മുസ്ലിം താരങ്ങളെ സംബന്ധിച്ചെടുത്തോളം ഇത് റമദാൻ മാസമാണ്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മുസ്ലിം താരങ്ങൾ വ്രതമനുഷ്ഠിക്കുന്ന ഒരു സമയമാണിത്.സൂപ്പർ താരം സാഡിയോ മാനെ ഉൾപ്പെടുന്ന താരങ്ങൾ വ്രതമനുഷ്ഠിക്കാറുണ്ട്.

ഏതായാലും ഈ സന്ദർഭത്തിൽ ലിവർപൂൾ തങ്ങളുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയെ സൂപ്പർ താരമായ മാനെ പ്രശംസിച്ചിട്ടുണ്ട്.ടീമിന്റെ ഷെഡ്യൂളുകൾ എല്ലാം തന്നെ ലിവർപൂൾ തങ്ങൾക്ക് അനുകൂലമാക്കി തന്നു എന്നാണ് മാനെ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ബീയിൻ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാനെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” റമദാൻ മാസത്തിൽ പരിശീലനം നടത്തുകയും കളിക്കുകയും ചെയ്യുക എന്നുള്ളത് എളുപ്പമുള്ള ഒരു കാര്യമല്ല. പക്ഷേ റമദാൻ മാസത്തിനു മുന്നേ തന്നെ ഞങ്ങൾ ക്യാപ്റ്റനോട് സംസാരിച്ചിരുന്നു. ഷെഡ്യൂളുകളിൽ മാറ്റം വരുത്താൻ സാധിക്കുമോ എന്ന് പരിശീലകനോട് ചോദിക്കാനായിരുന്നു ഞങ്ങൾ ആവശ്യപ്പെട്ടിരുന്നത്.അതിനവർ അനുമതി നൽകി. അതുകൊണ്ടുതന്നെ ഞങ്ങൾ രാവിലെ പരിശീലനം നടത്തി. അത് കാര്യങ്ങളെ എളുപ്പമാക്കി. രാവിലെ തന്നെ പരിശീലനം നടത്തിയാൽ പിന്നീട് നിങ്ങൾക്ക് വീട്ടിലേക്ക് പോയി കൊണ്ട് വിശ്രമിക്കാൻ സാധിക്കും. രണ്ട് മൂന്ന് താരങ്ങൾ മാത്രം പരിശീലനം നടത്തുക എന്നുള്ളത് ബുദ്ധിമുട്ടുള്ളത് തന്നെയാണ്. പക്ഷേ ക്ലബ്ബ് അതിന് സമ്മതിച്ചു. ഏറ്റവും മികച്ചത് ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. മത്സര ദിവസങ്ങൾ വ്യത്യസ്തമായിരിക്കും. പക്ഷേ ലിവർപൂൾ ഞങ്ങൾക്ക് എല്ലാം എളുപ്പമാക്കി തരാൻ വേണ്ടി പരമാവധി ശ്രമിക്കുന്നുണ്ട്.ടീമിന്റെ പോഷകാഹാര വിദഗ്ധയുമായി ഞങ്ങൾ സംസാരിച്ചിരുന്നു. അവരും ഞങ്ങൾക്ക് കാര്യങ്ങൾ അനുകൂലമാക്കി തന്നു ” ഇതാണ് മാനെ പറഞ്ഞിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ വിയ്യാറയലിനെ പരാജയപ്പെടുത്താൻ ലിവർപൂളിന് സാധിച്ചിരുന്നു. മത്സരത്തിൽ ഒരു ഗോൾ മാനെയായിരുന്നു നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *