യൂറോപ്പിലേക്ക് മടങ്ങാൻ പദ്ധതിയിട്ട് ഓസ്ക്കാർ

ചൈനീസ് ലീഗിൽ കളിക്കുന്ന ബ്രസീലിയൻ താരം ഓസ്ക്കാറിന് യൂറോപ്യൻ ഫുട്ബോളിലേക്ക് മടങ്ങാൻ ആഗ്രഹം. ഫോക്സ് സ്പോർട്സ് ബ്രസീലിനോടാണ് താരം തന്നെ ഭാവി പദ്ധതികൾ വെളിപ്പെടുത്തിയത്. എന്നാൽ നിലവിൽ ഷാങ്ങ്ഹായ് SlPGയുമായി കരാറുള്ള താരം കോൺട്രാക്ട് കാലാവധി കഴിഞ്ഞ ശേഷം മാത്രമേ ചൈന വിടാൻ കഴിയൂ എന്നും വിശദീകരിക്കുന്നുണ്ട്. സുഹൃത്തുക്കളായ ഡേവിഡ് ലൂയീസും വില്ല്യനും തന്നെ ആഴ്സണലിലേക്ക് ക്ഷണിച്ചതായും താരം പറയുന്നു.

ഓസ്ക്കാർ പറയുന്നത് ഇങ്ങനെ: “വില്ല്യനും ഡേവിഡ് ലൂയിസും എന്നെ വിളിച്ചിരുന്നു. ആഴ്സണലിൽ ചേരാനാണ് അവർ ആവശ്യപ്പെടുന്നത്. പക്ഷേ എനിക്ക് ഷാങ്ങ്ഹായ് ക്ലബ്ബുമായി കരാറുണ്ട്, ഇവിടം വിട്ട് പോവുക എളുപ്പമല്ല. വില്ല്യൻ കോൺട്രാക്ട് പൂർത്തിയാക്കി, ഇപ്പോൾ ആഴ്സണലിൽ അവർ വീണ്ടും ഒരുമിച്ചതിൽ സന്തോഷമുണ്ട്. ഇവിടെ ഞാനും സന്തോഷവാനാണ്. സ്ഥലം ഏതാണ് എന്നതല്ല, നമ്മൾ സന്തുഷ്ടരായിരിക്കുക എന്നതാണ് പ്രധാനം. എനിക്ക് ഇവിടെ കോൺട്രാക്ട് ഉണ്ട്. ചില ക്ലബ്ബുകളിൽ നിന്നും ഓഫറുണ്ടായിരുന്നു, പക്ഷേ ഇവിടം വിട്ട് പോവുക എന്നത് എളുപ്പമല്ല. തീർച്ചയായും ഒരിക്കൽ യൂറോപ്പിലേക്ക് മടങ്ങാനാവും എന്ന് തന്നെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ ഞാൻ ആദ്യം തെരഞ്ഞെടുക്കുന്ന ക്ലബ്ബ് ചെൽസിയായിരിക്കും. അവിടെയാണ് ഞാൻ സുന്ദരമായ ചരിത്രം രചിച്ചിട്ടുള്ളത്. ചെറിയ പ്രായത്തിൽ ഞാൻ ഇറ്റാലിയൻ ലീഗ് മത്സരങ്ങൾ കാണുമായിരുന്നു. കാരണം അവിടെ ഒരു പാട് ബ്രസീൽ താരങ്ങൾ കളിക്കുന്നു. ഇൻ്റർ മിലാൻ പോലുള്ള ക്ലബ്ബുകൾ എനിക്കിഷ്ടമാണ്. ഒരിക്കൽ ഇറ്റാലിയൻ ലീഗിൽ കളിക്കാനാവും എന്നാണെൻ്റെ പ്രതീക്ഷ”. ഇതാണ് ഓസ്ക്കാർ പറഞ്ഞിരിക്കുന്നത്.

2017 ലാണ് ഓസ്ക്കാർ ചെൽസി വിട്ട് ചൈനീസ് ക്ലബ്ബ് ഷാങ്ങ്ഹായ് ക്ലബ്ബിലെത്തിയത്. ഇതുവരെ ചൈനീസ് ക്ലബിനായി 132 മത്സരങ്ങളിൽ നിന്നും 44 ഗോളുകളും 73 അസിസ്റ്റുകളും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. 29കാരാനായ ഓസ്ക്കാറിന് 2024 വരെ ചൈനീസ് ക്ലബ്ബുമായി കരാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *