യുണൈറ്റഡ് മികച്ച നിലയിലല്ല, എല്ലാ താരങ്ങളും ഉത്തരവാദിത്വം ഏറ്റെടുക്കണം : ടെൻ ഹാഗ്

ഈ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം വളരെയധികം ബുദ്ധിമുട്ടുന്ന ഒരു മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് നമുക്ക് ഇപ്പോൾ കാണാനാവുക.നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ യുണൈറ്റഡ് തകർന്നടിഞ്ഞിരുന്നു.ആറ് ഗോളുകളാണ് ആ മത്സരത്തിൽ യുണൈറ്റഡ് വഴങ്ങിയത്.മാത്രമല്ല യൂറോപ്പാ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ദുർബലർക്കെതിരെ യുണൈറ്റഡ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായ ടെൻ ഹാഗ് ചില കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. യുണൈറ്റഡ് മികച്ച നിലയിൽ അല്ല എന്നാണ് ഇദ്ദേഹം സമ്മതിച്ചിരിക്കുന്നത്.ടീമിന്റെ ഇന്റൻസിറ്റി കുറഞ്ഞുവെന്നും എല്ലാ താരങ്ങളും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നുമാണ് ടെൻ ഹാഗ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നിലവിലെ കാര്യം പരിശോധിക്കുകയാണെങ്കിൽ ഞങ്ങൾ മികച്ച രൂപത്തിൽ അല്ല. നിങ്ങൾ അത് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ കണ്ടതാണ്.ഞങ്ങൾക്ക് ആ മത്സരത്തിൽ കൂടുതൽ മികച്ച പ്രകടനം നടത്താമായിരുന്നു.ഇപ്പോഴത്തെ ടീമിന്റെ പ്രശ്നം എന്ന് എനിക്ക് തോന്നുന്നത് ഇന്റൻസിറ്റിയാണ്. ഓരോ മത്സരത്തിലും ഞങ്ങൾ ഇന്റൻസിറ്റി കളത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.അതായിരുന്നു ആ മത്സരത്തിൽ ഞങ്ങളും സിറ്റിയും തമ്മിലുള്ള വ്യത്യാസം. അതുകൊണ്ടുതന്നെ ഞാൻ എന്റെ താരങ്ങളോട് ഇപ്പോൾ ഡിമാൻഡ് ചെയ്യുന്നത് ഇതിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനാണ് ” ടെൻ ഹാഗ് പറഞ്ഞു.

ഏതായാലും ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം എവെർടണെതിരെയാണ്. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 11:30നാണ് ഈയൊരു മത്സരം നടക്കുക. നിലവിൽ പ്രീമിയർ ലീഗിൽ ആറാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *