യുണൈറ്റഡ് താരങ്ങൾക്ക് ഒരു ആത്മാർത്ഥതയുമില്ല: പൊട്ടിത്തെറിച്ച് നാനി!
വളരെ മോശം തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ ലഭിച്ചിട്ടുള്ളത്. പ്രീമിയർ ലീഗിൽ ആകെ കളിച്ച 10 മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും അവർ പരാജയപ്പെടുകയായിരുന്നു.ചാമ്പ്യൻസ് ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും യുണൈറ്റഡ് പരാജയപ്പെട്ടിരുന്നു. ഇപ്പോൾ കരബാവോ കപ്പിൽ ന്യൂകാസിലിനോട് പരാജയപ്പെട്ടുകൊണ്ട് യുണൈറ്റഡ് പുറത്താക്കുകയും ചെയ്തു. ഈ സീസണിൽ ആകെ 8 തോൽവികൾ യുണൈറ്റഡ് ഏറ്റുവാങ്ങിയിട്ടുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുൻ സൂപ്പർതാരമായിരുന്ന നാനി ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. യുണൈറ്റഡ് താരങ്ങൾക്ക് ടീമിനോട് യാതൊരുവിധ ആത്മാർത്ഥതയും ഇല്ല എന്നാണ് നാനി ആരോപിച്ചിട്ടുള്ളത്.സാക്രിഫൈസ് ചെയ്യാനുള്ള യാതൊരുവിധ സ്പിരിറ്റും യുണൈറ്റഡ് താരങ്ങൾക്കില്ലെന്നും ഇദ്ദേഹം ആരോപിച്ചു.നാനിയുടെ വാക്കുകൾ ഇങ്ങനെയാണ്.
Manchester United 0-3 Newcastle
— B/R Football (@brfootball) November 1, 2023
This is fine 🏠🧯 pic.twitter.com/njpBM8kKgv
” മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളി കാണുമ്പോൾ തന്നെ നിങ്ങൾക്ക് മനസ്സിലാകും, സാക്രിഫൈസ് ചെയ്യാനുള്ള യാതൊരുവിധ സ്പിരിറ്റും യുണൈറ്റഡ് താരങ്ങൾക്കില്ല. ആത്മാർത്ഥത ഒട്ടുമില്ലാതെയാണ് അവർ കളിക്കുന്നത്. നമുക്ക് വിജയിക്കണമെന്ന് ഉറച്ച ശബ്ദത്തോടെ പറയാൻ കഴിയുന്ന ആരും തന്നെ ആ ടീമിൽ ഇല്ല. ഗോളടിക്കാൻ വേണ്ടി സഹതാരങ്ങളെ പ്രചോദിപ്പിക്കാൻ പോന്ന ഒരൊറ്റ താരം പോലും ഇപ്പോൾ യുണൈറ്റഡിൽ ഇല്ല ” ഇതായിരുന്നു നാനി പറഞ്ഞിരുന്നത്.
കഴിഞ്ഞ സീസണിലെ യുണൈറ്റഡിന്റെ മോശം പ്രകടനത്തിന് പലരും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പഴിചാരിയിരുന്നു.എന്നാൽ റൊണാൾഡോ ക്ലബ്ബ് വിട്ടിട്ടും യുണൈറ്റഡ് മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്നത് മാത്രമല്ല കൂടുതൽ മോശമാവുകയാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ എറിക്ക് ടെൻ ഹാഗിന്റെ പരിശീലക സ്ഥാനം തെറിച്ചാലും അതിൽ അത്ഭുതപ്പെടാനൊന്നുമില്ല.