യുണൈറ്റഡിലെ തന്റെ അടുത്ത നാല് സുഹൃത്തുക്കളെ വെളിപ്പെടുത്തി കാസമിറോ!

ഈ സീസണിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. എന്നാൽ പുതിയ താരമായതിനാൽ വേണ്ടത്ര അവസരങ്ങൾ അദ്ദേഹത്തിന് ടെൻ ഹാഗ് നൽകിയിരുന്നില്ല. എന്നിരുന്നാലും പതിയെ പതിയെ അദ്ദേഹം യുണൈറ്റഡുമായി അഡാപ്റ്റാവുന്നുണ്ട്.

ഏതായാലും പുതുതായി നൽകിയ അഭിമുഖത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലെ തന്റെ ഏറ്റവുമടുത്ത 4 സുഹൃത്തുക്കളെ കാസമിറോ വെളിപ്പെടുത്തിയിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ,ഫ്രഡ്‌,ആന്റണി,ഡിയോഗോ ഡാലോട്ട് എന്നിവരാണ് തന്റെ അടുത്ത സുഹൃത്തുക്കൾ എന്നാണ് കാസമിറോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ നേരത്തെ തന്നെ വരാനെ,ഫ്രഡ്‌,റൊണാൾഡോ,ആന്റണി എന്നിവർക്കൊപ്പം കളിച്ചിട്ടുണ്ട്. അവർ എത്രത്തോളം ക്വാളിറ്റി താരങ്ങളാണ് എന്നുള്ളത് അവർക്കൊപ്പം വർക്ക് ചെയ്യുമ്പോൾ മനസ്സിലാവും.അവർ വളരെയധികം ഹാർഡ് വർക്ക് ചെയ്യുന്നവരാണ്. താരങ്ങളുടെ ക്വാളിറ്റിയിലും പരിശീലകന്റെ ക്വാളിറ്റിയിലും എനിക്ക് വളരെയധികം വിശ്വാസമുണ്ട്. ഇവിടെ എന്റെ അടുത്ത സുഹൃത്തുക്കൾ റൊണാൾഡോ,ഡാലോട്ട്,ഫ്രഡ്‌, ആന്റണി എന്നിവരാണ്. വളരെ റിലാക്സഡ് ആയ ഡ്രസ്സിംഗ് റൂമാണ് ഇവിടെ ഉള്ളത്. വർക്ക് ചെയ്യാനും അതോടൊപ്പം തന്നെ തമാശകൾ പങ്കുവെക്കാനുമുള്ള സമയം ഇവിടെയുണ്ട്. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ് ” ഇതാണ് കാസമിറോ പറഞ്ഞിട്ടുള്ളത്.

കാസമിറോയെ സംബന്ധിച്ചിടത്തോളം ഇനിയുള്ള മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഉണ്ടാവുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്തെന്നാൽ ഖത്തർ വേൾഡ് കപ്പിലേക്ക് ബ്രസീലിയൻ ടീമിന് വേണ്ടി മികച്ച രൂപത്തിൽ എത്തണമെങ്കിൽ കളിക്കാനുള്ള സമയം ലഭിച്ചേ മതിയാവൂ.

Leave a Reply

Your email address will not be published. Required fields are marked *