യുണൈറ്റഡിന് യഥേഷ്ടം പെനാൽറ്റികൾ, ഞങ്ങൾക്കില്ല, ക്ലോപ് പറയുന്നു !

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ലിവർപൂളിനെ സതാംപ്റ്റൺ അട്ടിമറിച്ചിരുന്നു. ഡാനി ഇങ്ക്സ് നേടിയ ഒറ്റഗോളിലാണ് ലിവർപൂൾ പരാജയമറിഞ്ഞത്. ഇതോടെ ഒരു മത്സരം കുറച്ചു കളിച്ച യുണൈറ്റഡിന്റെ പോയിന്റിനൊപ്പം തന്നെയാണ് ഇപ്പോഴും ലിവർപൂൾ. എന്നാൽ മത്സരശേഷം റഫറിയിങ്ങിനെതിരെ വിമർശനമുയർത്തിയിരിക്കുകയാണ് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്. തങ്ങൾക്ക്‌ അനുകൂലമായി ലഭിക്കേണ്ട രണ്ട് പെനാൽറ്റികൾ റഫറി നിഷേധിച്ചു എന്നാണ് ക്ലോപിന്റെ ആരോപണം. മത്സരത്തിന്റെ രണ്ടാം പകുതിയിൽ സാഡിയോ മാനേയെ ഫൗൾ ചെയ്തതിനും സതാംപ്റ്റൺ താരത്തിന്റെ ഹാന്റ്ബോളിനും റഫറി പെനാൽറ്റി അനുവദിച്ചിരുന്നില്ല. ഇതാണ് ക്ലോപ്പിനെ ഏറെ ചൊടിപ്പിച്ചത്. മാത്രമല്ല, യുണൈറ്റഡിന് കഴിഞ്ഞ രണ്ട് വർഷം ലഭിച്ച പെനാൽറ്റി തനിക്ക് അഞ്ചര വർഷത്തിനിടയിൽ പോലും ലഭിച്ചിട്ടില്ലെന്ന് ആരോപിച്ചിരിക്കുകയാണ് ക്ലോപ്. യുണൈറ്റഡിന് യഥേഷ്ടം പെനാൽറ്റികൾ വാരിക്കോരി നൽകുന്നു എന്നാണ് ഇദ്ദേഹത്തിന്റെ വാദം.

” മാനേയെ ഫൗൾ ചെയ്യുന്നത് ഞങ്ങൾ ശരിക്കും കണ്ടതാണ്. അതൊരു വ്യക്തമായ പെനാൽറ്റിയാണ്. സാഡിയോ മാനേ ഡൈവ് ചെയ്തതാണ് എന്ന് പറയുകയാണെങ്കിൽ അതാണ് ലോകത്തിലെ ഏറ്റവും വലിയ തമാശ. മറ്റേതെങ്കിലും ടീം ആയിരുന്നു എങ്കിൽ അവർക്ക് പെനാൽറ്റി ലഭിച്ചേനെ. രണ്ടാമത് ആ ഹാൻഡ്ബോൾ. അതിനും പെനാൽറ്റി നിരസിച്ചു. ആരാണ് എനിക്കത് വിശദീകരിച്ചു തരിക എന്ന് മനസ്സിലാവുന്നില്ല. ഞങ്ങൾക്കൊരിക്കലും അത്‌ മാറ്റാനാവില്ല. എനിക്ക് അഞ്ചര വർഷത്തിനുള്ളിൽ കിട്ടിയ പെനാൽറ്റിയേക്കാൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് രണ്ട് വർഷം കൊണ്ട് കിട്ടിയെന്ന് ഞാൻ കേട്ടു. എനിക്കറിയില്ല അതെന്റെ തെറ്റാണോ എന്ന്. അതങ്ങനെ സംഭവിക്കുന്നു എന്നും എനിക്കറിയില്ല ” ക്ലോപ് മത്സരശേഷം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *