യുണൈറ്റഡിന്റെ യുവനിരക്ക് മുന്നിൽ തകർന്നടിഞ്ഞ് ലിവർപൂൾ!
ഇന്നലെ പ്രീമിയർ ലീഗ് നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ചിരവൈരികളായ ലിവർപൂളിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കീഴടക്കിയത്.യുണൈറ്റഡിന്റെ യുവ സൂപ്പർതാരങ്ങൾ മിന്നിയപ്പോൾ ഒന്നിനെതിരെ 2 ഗോളുകളുടെ വിജയമാണ് സ്വന്തമാക്കാൻ കഴിഞ്ഞത്.തന്റെ പ്രീമിയർ ലീഗിലെ ആദ്യ വിജയം കൈപ്പിടിയിലൊതുക്കാൻ ടെൻ ഹാഗിന് സാധിക്കുകയും ചെയ്തു.
ഒരുപാട് സൂപ്പർതാരങ്ങളെ പുറത്തിരുത്തി കൊണ്ടാണ് ടെൻ ഹാഗ് ആദ്യ ഇലവൻ പുറത്ത് വിട്ടത്.റൊണാൾഡോ,മഗ്വയ്ർ,ഫ്രഡ് എന്നിവർക്കൊന്നും ആദ്യ ഇലവനിൽ ഇടം ലഭിച്ചില്ല. പതിനാറാമത്തെ മിനിട്ടിലാണ് സാഞ്ചോ യുണൈറ്റഡിന് ലീഡ് നേടിക്കൊടുത്തത്.എലാങ്കയുടെ പാസ് സ്വീകരിച്ച താരം ലിവർപൂൾ പ്രതിരോധനിരക്കാരെ കബളിപ്പിച്ചുകൊണ്ട് ഫിനിഷ് ചെയ്യുകയായിരുന്നു.53-ആം മിനുട്ടിൽ റാഷ്ഫോർഡിന്റെ ഗോളും പിറന്നു.
WHAT. A. WIN! 😍#MUFC || #MUNLIV
— Manchester United (@ManUtd) August 22, 2022
യുണൈറ്റഡ് നടത്തിയ കൗണ്ടർ അറ്റാക്കിന്റെ ഫലമായി മാർഷ്യലിൽ നിന്നും ലഭിച്ച പാസ് ആലിസണെ കീഴടക്കിക്കൊണ്ട് റാഷ്ഫോർഡ് വലയിൽ എത്തിക്കുകയായിരുന്നു. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് ഗോളിന്റെ ലീഡിലെത്തി.81-ആം മിനുട്ടിൽ സല ഹെഡറിലൂടെ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ലിവർപൂളിന് തിരിച്ചു വരാൻ അത് മതിയാകുമായിരുന്നില്ല. ലിവർപൂൾ പരാജയം രുചിക്കുകയായിരുന്നു.സാഞ്ചോ,റാഷ്ഫോർഡ്,മാർഷ്യൽ,മലാസിയ,ലിസാൻഡ്രോ മാർട്ടിനസ് തുടങ്ങിയ യുവനിര മികച്ച പ്രകടനം നടത്തുകയായിരുന്നു.
ആദ്യ രണ്ടു മത്സരത്തിലെ തോൽവിക്ക് ശേഷം വിജയം നേടാൻ കഴിഞ്ഞത് യുണൈറ്റഡിന് ആശ്വാസകരമായ കാര്യമാണ്. അതേസമയം ലിവർപൂൾ ഇപ്പോൾ മോശം നിലയിലാണ്. 3 മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട് സമനിലയും ഒരു തോൽവിയുമാണ് ലിവർപൂളിന്റെ പക്കലിലുള്ളത്. മൂന്ന് പോയിന്റ് ഉള്ള യുണൈറ്റഡ് പതിനാലാം സ്ഥാനത്തും രണ്ട് പോയിന്റ് ഉള്ള ലിവർപൂൾ പതിനാറാം സ്ഥാനത്തുമാണ്.