യുണൈറ്റഡിന്റെ ക്യാപ്റ്റനാവാൻ ആഗ്രഹമുണ്ട്: തുറന്നുപറഞ്ഞ് കാസമിറോ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ യുണൈറ്റഡിന്റെ പ്രധാനപ്പെട്ട താരമായി മാറാൻ കാസമിറോക്ക് സാധിച്ചു. മികച്ച പ്രകടനം കഴിഞ്ഞ സീസണിൽ കാസമിറോ പുറത്തെടുത്തിരുന്നു. അടുത്ത സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലേക്കാണ് ഇപ്പോൾ യുണൈറ്റഡ് പ്രവേശിക്കുന്നത്.

യുണൈറ്റഡിന്റെ ക്യാപ്റ്റനായിരുന്ന ഹാരി മഗ്വയ്ർക്ക് ആ സ്ഥാനം നഷ്ടമാവുമെന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുള്ളത്. പകരം ആരായിരിക്കും യുണൈറ്റഡ് അടുത്ത നായകൻ എന്നുള്ളത് ചർച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ്. യുണൈറ്റഡിന്റെ ക്യാപ്റ്റനാവാനും അതുവഴി ഒരു മാതൃകയാവാനും തനിക്കാഗ്രഹമുണ്ട് എന്നുള്ള കാര്യം കാസമിറോ ഇപ്പോൾ തുറന്ന് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സത്യം പറഞ്ഞാൽ ക്യാപ്റ്റൻ എന്ന റോൾ ഞാൻ ഇഷ്ടപ്പെടുന്നു.ക്യാപ്റ്റൻ സ്ഥാനം എന്നുള്ളത് ഒരു പിതാവിന്റെ സ്ഥാനത്തിന് തുല്യമാണ്. എല്ലാവർക്കും ഒരു മാതൃകയാകാനും ഉദാഹരണമാകാനും ഞാൻ ആഗ്രഹിക്കുന്നു. ക്യാപ്റ്റന്റെ ആം ബാൻഡ് എന്നുള്ളത് കേവലം ഒരു സിമ്പൽ മാത്രമാണ്. പക്ഷേ റഫറിമാരോട് സംസാരിക്കാനുള്ള ഉത്തരവാദിത്വവും താരങ്ങൾക്ക് ആവശ്യമായ നിർദ്ദേശം നൽകാനുള്ള അനുമതിയുമൊക്കെ നമുക്ക് ലഭിക്കുന്നു. അതൊക്കെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു ഉദാഹരണമായി മാറാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട് ” ഇതാണ് കാസമിറോ പറഞ്ഞിട്ടുള്ളത്.

അടുത്ത സീസണിൽ യുണൈറ്റഡിന്റെ ക്യാപ്റ്റൻ സ്ഥാനം ആര് വഹിക്കും എന്നത് അവ്യക്തമാണ്. ഗോൾ കീപ്പറായ ഡേവിഡ് ഡിഹിയ ക്ലബ്ബ് വിട്ടിട്ടുണ്ട്. പോർച്ചുഗീസ് സൂപ്പർ താരമായ ബ്രൂണോ ഫെർണാണ്ടസിന് ചില സാധ്യതകൾ കൽപ്പിക്കുന്നുണ്ട്.ഈ പ്രീ സീസണിൽ നിരവധി സൗഹൃദ മത്സരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്നുണ്ട്. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിനെയും ഈ കൂട്ടത്തിൽ നേരിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *