മൗറിസിയോ പൊച്ചെട്ടിനോയെ ലക്ഷ്യമിട്ട് അഞ്ച് വമ്പൻ ക്ലബുകൾ!

ടോട്ടൻഹാമിന്റെ മുൻ പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോയെ ക്ലബിൽ എത്തിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത് യൂറോപ്പിലെ അഞ്ച് വമ്പൻ ക്ലബുകൾ. വിവിധ മാധ്യമങ്ങളാണ് അദ്ദേഹത്തെ നോട്ടമിട്ടിരിക്കുന്ന ക്ലബുകളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. ഈ വരുന്ന സമ്മർ ട്രാൻസ്ഫറിൽ പരിശീലകരിലെ താരം പോച്ചെട്ടിനോയായിരിക്കുമെന്നാണ് ഇവരെല്ലാം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ലാലിഗ, സിരി എ, പ്രീമിയർ ലീഗ്, ലീഗ് വൺ, പോർച്ചുഗീസ് ലീഗ് എന്നിവിടങ്ങളിലെ ക്ലബുകൾ എല്ലാം തന്നെ താരത്തിൽ താല്പര്യം പ്രകടിപ്പിച്ച് വന്നിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു ശരാശരി ടീമിനെയും വെച്ച് ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വരെ മുന്നേറാൻ പോച്ചെട്ടിനോക്ക് കഴിഞ്ഞിരുന്നു. എന്നാൽ അതിന് ശേഷം അദ്ദേഹത്തെ ക്ലബ് പുറത്താക്കുകയും ചെയ്തു.

അദ്ദേഹത്തെ ക്ലബിൽ എത്തിക്കാൻ പരിഗണിക്കുന്ന പ്രമുഖക്ലബുകളിൽ ഒന്ന് ബാഴ്സലോണയാണ്. ഈ സീസണോടെ അവർ സെറ്റിയനെ പുറത്തേക്കുമെന്നുറപ്പാണ്. ആ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളിലൊന്ന് ഇദ്ദേഹത്തിന്റേതാണ്. മറ്റൊരു ക്ലബ് യുവന്റസാണ്. സാറി തുടരുമെന്ന് ക്ലബ് ഡയറക്ടർ പ്രസ്താവിച്ചിരുന്നുവെങ്കിലും പോച്ചെട്ടിനോയെ എത്തിക്കാൻ കഴിഞ്ഞാൽ അത് കൂടുതൽ ഫലപ്രദമാവും എന്ന കണക്കുകൂട്ടലിലാണ് ഓൾഡ് ലേഡീസ്. മറ്റൊരു ക്ലബ് പ്രീമിയർ ലീഗിലെ ന്യൂകാസിൽ യുണൈറ്റഡ് ആണ്. അടുത്ത സീസണിലേക്ക് ടീം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമെന്നോണമാണ് ന്യൂകാസിൽ അദ്ദേഹത്തെ ക്ഷണിച്ചിരിക്കുന്നത്. കൂടാതെ ലീഗ് വണ്ണിലെ മൊണോക്കോയും പോർച്ചുഗീസ് ലീഗിലെ ബെൻഫിക്കയും അദ്ദേഹവുമായി സംസാരിച്ചിരുന്നു. എന്നാൽ ഒന്നും തന്നെ അദ്ദേഹം സ്വീകരിച്ചില്ല എന്നാണ് അറിവ്. വരും ദിവസങ്ങളിൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും.

Leave a Reply

Your email address will not be published. Required fields are marked *