മെസ്സി-റൊണാൾഡോ ആധിപത്യത്തിന് വിരാമം,റേറ്റിംഗിൽ ഒന്നാമൻ എംബപ്പേ!

ഫുട്ബോൾ ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ഗെയിമുകളിൽ ഒന്നാണ് ഫിഫ വീഡിയോ ഗെയിം.ഇതിൽ ഓരോ വർഷവും താരങ്ങൾക്ക് നൽകുന്ന റേറ്റിംഗും ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. കഴിഞ്ഞ 15 വർഷമായി ഈ റേറ്റിംഗിന്റെ കാര്യത്തിൽ ആധിപത്യം പുലർത്തുന്നത് സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയുമാണ്.

എന്നാൽ FIFA23 യിൽ കാര്യങ്ങൾ മാറിമറിഞ്ഞിട്ടുണ്ട്.മെസ്സിയുടെയും റൊണാൾഡോയുടെയും ആധിപത്യം അവസാനിപ്പിച്ചത് സൂപ്പർതാരമായ കിലിയൻ എംബപ്പേയാണ്. ഇത്തവണത്തെ റേറ്റിംഗിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത് എംബപ്പേയാണ്.92 ആണ് താരത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്.ഫൂട്ട്സോൺ ഫിഫയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മറ്റാർക്കും തന്നെ ഇത്തവണ എംബപ്പേയെ മറികടക്കാൻ സാധിച്ചിട്ടില്ല. അതേസമയം സൂപ്പർ താരങ്ങളായ മെസ്സി,റൊണാൾഡോ എന്നിവരുടെ റേറ്റിംഗ് ഇവർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ 15 വർഷവും മെസ്സിയും റൊണാൾഡോയുമായിരുന്നു റേറ്റിംഗിന്റെ കാര്യത്തിൽ ഒന്നാം സ്ഥാനം പങ്കുവച്ചിരുന്നത്.

കഴിഞ്ഞ വർഷം അഥവാ FIFA22 വിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നത് മെസ്സി തന്നെയായിരുന്നു.93-ആയിരുന്നു കഴിഞ്ഞതവണ മെസ്സിയുടെ റേറ്റിംഗ്. രണ്ടാം സ്ഥാനത്ത് മറ്റൊരു സൂപ്പർതാരമായ ലെവന്റോസ്ക്കിയായിരുന്നു.92 ആയിരുന്നു ലെവയുടെ റേറ്റിംഗ്.91 റേറ്റിംഗ് ഉണ്ടായിരുന്ന റൊണാൾഡോയും എംബപ്പേയുമായിരുന്നു മൂന്നാം സ്ഥാനം പങ്കുവെച്ചിരുന്നത്.

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്താൻ മെസ്സിക്ക് സാധിച്ചിരുന്നില്ല. ഇതോടുകൂടിയാണ് ഒന്നാം സ്ഥാനം നഷ്ടമായത്. അതേസമയം കഴിഞ്ഞ സീസണിൽ 39 ഗോളുകളും 26 അസിസ്റ്റുകളുമായിരുന്നു കിലിയൻ എംബപ്പേ കരസ്ഥമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *