മെസ്സിയുടെ ബോൾ ബോയ്,ജീവിതം മാറിമറിഞ്ഞുവെന്ന് ചലോബ!
പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസിയുടെ നിലവിലെ പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ഡിഫൻഡറായ ചലോബ. പരിശീലകൻ ടുഷേലിന്റെ വിശ്വാസം പിടിച്ചുപറ്റിയ താരം ഈ സീസണിൽ ആകെ ചെൽസിക്ക് വേണ്ടി 21 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കൂടാതെ സൂപ്പർ കപ്പും ക്ലബ് വേൾഡ് കപ്പുമൊക്കെ താരം ചെൽസിയോടൊപ്പം നേടുകയും ചെയ്തു.
ഏതായാലും തന്റെ ജീവിതത്തിലെ മാറ്റങ്ങളെക്കുറിച്ച് ചലോബ ഇപ്പോൾ വാചാലനായിട്ടുണ്ട്.2012-ൽ താനും മാസോൺ മൗണ്ടും ബോൾ ബോയ്സ് ആയിരിക്കെ സൂപ്പർ താരം ലയണൽ മെസ്സിയെ കണ്ട അനുഭവങ്ങളൊക്കെ താരം പങ്കു വെച്ചിട്ടുണ്ട്.ചലോബയുടെ വാക്കുകൾ ഗോൾ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
“2012 ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ ആദ്യപാദ മത്സരം സ്റ്റാഫോർഡ് ബ്രിഡ്ജിലായിരുന്നു നടന്നിരുന്നത്.എഫ് സി ബാഴ്സലോണയായിരുന്നു എതിരാളികൾ.ഞാനും മാസോൺ മൗണ്ടും ബോൾ ബോയ്സായിരുന്നു. പന്ത് പിടിച്ചെടുത്തു കൊണ്ട് താരങ്ങൾക്ക് എറിഞ്ഞു നൽകുന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ഒരു കാര്യമായിരുന്നു. അതുകൊണ്ടുതന്നെ ബോൾ ബോയ് ആവാനുള്ള ഒരവസരവും ഞങ്ങൾ പാഴാക്കാറില്ലായിരുന്നു.അന്നത്തെ മത്സരവും ഞാനോർക്കുന്നു.ഞാനും മൗണ്ടും എടുത്തായിരുന്നു നിന്നിരുന്നത്. മെസ്സിക്ക് പന്ത് എറിഞ്ഞു നൽകിയത് ഞാനാണ്.ടിവിയിൽ മാത്രം കണ്ടിരുന്ന മെസ്സിയെ എനിക്ക് ആദ്യമായി നേരിട്ട് കാണാനായി.വളരെയധികം ആശ്ചര്യമായിരുന്നു അന്ന് ” ഇതാണ് ചലോബ പറഞ്ഞത്.
— Murshid Ramankulam (@Mohamme71783726) February 26, 2022
അതേസമയം തിയാഗോ സിൽവ തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനവും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.അതിങ്ങനെയാണ്.” ഞാൻ ചെൽസിയിൽ എത്തിയിരുന്ന സമയത്ത് എനിക്ക് എട്ടോ ഒമ്പതോ വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് ഞാനൊരു സ്ട്രൈക്കറായിരുന്നു. പക്ഷേ പിന്നീട് ഞാൻ സെന്റർ ബാക്കിലേക്ക് മാറി. ഏറ്റവും മികച്ച സെന്റർ ബാക്കുമാരിൽ ഒരാളായ തിയാഗോ സിൽവയുടെ വീഡിയോകളായിരുന്നു യൂട്യൂബിൽ കാണാൻ വേണ്ടി ഞാൻ തിരഞ്ഞെടുത്തിരുന്നത്.ഞാൻ സിൽവയെ മാതൃകയാക്കാൻ ശ്രമിച്ചു. ഇപ്പോഴിതാ ഞാൻ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് കളിക്കുന്നു. എനിക്ക് വിശ്വസിക്കാൻ പ്രയാസമുള്ള ഒരു കാര്യമാണിത്. യൂട്യൂബിൽ വീഡിയോകൾ കാണുന്ന കാര്യം ഞാൻ സിൽവയെ അറിയിച്ചിരുന്നു. അദ്ദേഹത്തെ പോലെ ആവാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ ” ഇതാണ് താരം പറഞ്ഞത്.
പഴയ രൂപത്തിൽ നിന്ന് തന്റെ ജീവിതം ആകെ മാറി മറിഞ്ഞെന്നും പല ആളുകളും തന്നെ തിരിച്ചറിയാൻ തുടങ്ങിയെന്നും താരം കൂട്ടിച്ചേർത്തിട്ടുണ്ട്.