മെസ്സിയും ഡീഞ്ഞോയുമാണ് എന്റെ ഇൻസ്പിരേഷൻ :സിറ്റിയുടെ യുവസൂപ്പർ താരം പറയുന്നു.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റി ജെറമി ഡോക്കുവിനെ സ്വന്തമാക്കിയത്. ഫ്രഞ്ച് ക്ലബ്ബായ റെന്നസിന് 56 മില്യൺ പൗണ്ട് നൽകി കൊണ്ടാണ് സിറ്റി ഈ സൂപ്പർ താരത്തെ സ്വന്തമാക്കിയത്. 21കാരനായ താരം 4 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ മനോഹരമായ ഡ്രിബ്ലിങ്‌ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്.

ഡ്രിബ്ലിങ്ങിന്റെ കാര്യത്തിൽ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും റൊണാൾഡീഞ്ഞോയുമാണ് തന്റെ ഇൻസ്പിരേഷനെന്ന് ഡോക്കു ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. രണ്ട് പേരുടെയും മത്സരങ്ങൾ കാണുന്നതിനെ താൻ വളരെയധികം ഇഷ്ടപ്പെട്ടുവെന്നും ഈ ബെൽജിയൻ സൂപ്പർ താരം കൂട്ടിച്ചേർത്തിട്ടുണ്ട്.സിറ്റിയുടെ ഒഫീഷ്യൽ മാഗസിനോട് സംസാരിക്കുകയായിരുന്നു ഡോക്കു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയും റൊണാൾഡീഞ്ഞോയും വളരെയധികം ബ്രില്യന്റായ ഡ്രിബ്ലേഴ്സാണ്.ഈ രണ്ടു താരങ്ങളുടെയും പ്രകടനം കാണുന്നത് ഞാൻ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. പക്ഷേ ഞാൻ സ്വയമാണ് ഡ്രിബ്ലിങ്‌ ഒക്കെ പഠിച്ചെടുത്തത്. ഞാൻ തെരുവുകളിൽ വച്ചാണ് ഫുട്ബോൾ പഠിച്ചത്. ഇപ്പോഴത്തെ കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ടെങ്കിലും സ്വന്തം വീട്ടിലോ അല്ലെങ്കിൽ ഗാർഡനിലോ ആണ് കളിക്കുന്നതും പരിശീലിക്കുന്നതും.അതത്ര ഗുണകരമാവും എന്ന് എനിക്ക് തോന്നുന്നില്ല. മറ്റുള്ള കുട്ടികളോടൊപ്പം തെരുവുകളിൽ കളിക്കുമ്പോൾ നമുക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനാവും. ഞാൻ അങ്ങനെയാണ് പഠിച്ചെടുത്തത് ” ഇതാണ് ഡോക്കു പറഞ്ഞത്.

21 വയസ്സുള്ള താരം ബെൽജിയത്തിലെ ദേശീയ ടീമിന് വേണ്ടി 16 മത്സരങ്ങൾ കളിക്കുകയും രണ്ട് ഗോളുകൾ നേടുകയും ചെയ്തിരുന്നു. അതേസമയം മാഞ്ചസ്റ്റർ സിറ്റി ഒരല്പം ഇപ്പോൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.അവസാനത്തെ രണ്ട് മത്സരങ്ങളിലും അവർക്ക് അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *