മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല, ലോകത്തിലെ ഏറ്റവും മികച്ച താരം ഞാനാണ് : സ്ലാട്ടൻ!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളായി വിലയിരുത്തപ്പെടുന്നവരാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. ഇവരിൽ ആരാണ് മികച്ചത് എന്ന കാര്യത്തിൽ മാത്രമാണ് തർക്കം നില നിൽക്കുന്നത്. എന്നാൽ ലോകത്തെ ഏറ്റവും മികച്ച താരം താനാണ് എന്ന അവകാശവാദമുന്നയിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും ക്വാളിറ്റി തനിക്കുണ്ടെന്നും താൻ ബാലൺ ഡി’ഓറിനെയല്ല, മറിച്ച് ബാലൺ ഡി’ഓർ തന്നെയാണ് മിസ്സ്‌ ചെയ്യുന്നത് എന്നുമാണ് സ്ലാട്ടൻ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കുകയായിരുന്നു സ്ലാട്ടൻ.

” നിങ്ങൾ ആന്തരികമായ ക്വാളിറ്റിയെ കുറിച്ച് ആണ് സംസാരിക്കുന്നതെങ്കിൽ, മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും അതേ ക്വാളിറ്റി എനിക്കുണ്ട്.നിങ്ങൾ കിരീടങ്ങളിലേക്കാണ് നോക്കുന്നതെങ്കിൽ, ശരിയാണ് എനിക്ക് ചാമ്പ്യൻസ് ലീഗ് നേടാൻ കഴിഞ്ഞിട്ടില്ല.പക്ഷേ നിങ്ങൾ എങ്ങനെയാണ് മികച്ച താരത്തെ കണക്കാക്കുന്നത് എന്നെനിക്ക് മനസ്സിലായിട്ടില്ല.പക്ഷേ ഞാൻ അതിനെ കുറിച്ച് തല പുകക്കുന്നൊന്നുമില്ല.നിങ്ങൾ കളക്റ്റീവായി നല്ലത് ചെയ്താൽ വ്യക്തിഗത നേട്ടങ്ങൾ നിങ്ങളെ പിന്തുടരും.കളക്റ്റീവ് നല്ല രൂപത്തിൽ അല്ലെങ്കിൽ വ്യക്തിഗത നേട്ടങ്ങൾ നല്ലതായിരിക്കില്ല.ഞാൻ ഒരിക്കലും ബാലൺ ഡി’ഓറിനെ മിസ്സ്‌ ചെയ്യുന്നില്ല. മറിച്ച് ബാലൺ ഡി’ഓർ എന്നെയാണ് മിസ്സ്‌ ചെയ്യുന്നത്.ഞാൻ കരുതുന്നത് ലോകത്തിലെ ഏറ്റവും മികച്ച താരം ഞാൻ തന്നെയാണ് എന്നാണ്. താരങ്ങളെ താരതമ്യം ചെയ്യേണ്ട കാര്യമൊന്നുമില്ല.എല്ലാ താരങ്ങളും വ്യത്യസ്ഥ കാലഘട്ടങ്ങളിലാണ് കളിച്ചിട്ടുള്ളത്.വ്യത്യസ്ഥ സഹതാരങ്ങൾക്കൊപ്പമാണ് കളിച്ചിട്ടുള്ളത്.എല്ലാവർക്കും അവരുടേതായ ചരിത്രങ്ങളുണ്ട് ” ഇതാണ് സ്ലാട്ടൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ എസി മിലാന്റെ താരമായ സ്ലാട്ടൻ ഏഴ് രാജ്യങ്ങളിലെ ക്ലബുകളിൽ കളിച്ചിട്ടുണ്ട്.കഴിഞ്ഞ സീസണിൽ 27 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടാൻ ഈ 39-കാരന് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *