മെസ്സിക്കൊപ്പം കളിക്കുന്ന വേൾഡ് ചാമ്പ്യൻ, ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഹൂലിയനെന്ന് പെപ്!
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബേൺലിയെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്.അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് ഇരട്ട ഗോളുകൾ നേടി കൊണ്ട് ഈ മത്സരത്തിൽ തിളങ്ങുകയായിരുന്നു.മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മാസ്മരിക പ്രകടനമാണ് സമീപകാലത്ത് ഈ താരം പുറത്തെടുക്കുന്നത്. അവസാനമായി കളിച്ച ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴു ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
ശരാശരി ഓരോ 63 മിനുട്ടിനിടയിലും ഓരോ ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാനും ഈ മത്സരങ്ങൾക്കിടയിൽ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള രംഗത്ത് വന്നിട്ടുണ്ട്. മെസ്സിക്കൊപ്പം കളിക്കുന്ന വേൾഡ് ചാമ്പ്യനാണ് ഹൂലിയനെന്നും ലോകത്ത് ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഇപ്പോൾ അദ്ദേഹമെന്നും പെപ് പറഞ്ഞിട്ടുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
Two goals in 22 minutes for Julián Álvarez on his 24th birthday 🥳 pic.twitter.com/nwipoO5cLe
— B/R Football (@brfootball) January 31, 2024
” അദ്ദേഹത്തിന്റെ ഈ പ്രായത്തിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ നോക്കൂ.അത് അവിശ്വസനീയമാണ്. ലയണൽ മെസ്സിക്കും ഡി മരിയക്കും എൻസോക്കുമൊപ്പം കളിച്ച ലോക ചാമ്പ്യനാണ് ഹൂലിയൻ. നിങ്ങൾ മികച്ച താരമല്ലെങ്കിൽ ആ ടീമിൽ നിങ്ങൾക്ക് കളിക്കാൻ കഴിയില്ല.അദ്ദേഹത്തിന് മൂന്ന് വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിയും. വളരെ മികച്ച ഒരു താരമാണ് അദ്ദേഹം. ഇപ്പോൾതന്നെ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി മാറാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് “ഇതാണ് സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
21 മത്സരങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിച്ച ഈ അർജന്റൈൻ താരം 8 ഗോളുകളും ആറ് അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. അർജന്റീനക്ക് വേണ്ടിയും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്ന താരമാണ് ഹൂലിയൻ. ഇനി അടുത്ത മത്സരത്തിൽ സിറ്റിയുടെ എതിരാളികൾ ബ്രന്റ്ഫോർഡാണ്.മികച്ച പ്രകടനം കാരണം ഹൂലിയൻ ആൽവരസിനെ പരമാവധി ഉപയോഗപ്പെടുത്താൻ ഇപ്പോൾ പെപ് ഗാർഡിയോള ശ്രദ്ധിക്കാറുണ്ട്.