മുന്നേറ്റ നിരയെ ശക്തിപ്പെടുത്തണം,ചെൽസി സൂപ്പർതാരത്തിന് മുൻഗണന നൽകി ടെൻ ഹാഗ്!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചില മുന്നേറ്റ നിര താരങ്ങൾ ക്ലബ്ബ് വിട്ടത്.മാത്രമല്ല സൂപ്പർ താരം റൊണാൾഡോ ക്ലബ്ബ് വിടുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തതകൾ ഒന്നും കൈവന്നിട്ടില്ല. അതുകൊണ്ടുതന്നെ ടെൻ ഹാഗ് മുന്നേറ്റ നിരയിലേക്ക് ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ചിരുന്നത് അയാക്സിന്റെ ബ്രസീലിയൻ സൂപ്പർ താരമായ ആന്റണിയെയായിരുന്നു. എന്നാൽ അയാക്സ് ആവശ്യപ്പെടുന്ന ഉയർന്ന തുക യുണൈറ്റഡിന് തടസ്സമായി നിലനിൽക്കുകയാണ്.

ഇപ്പോഴിതാ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് മുന്നേറ്റ നിരയിലേക്ക് ഏറ്റവും കൂടുതൽ പരിഗണന നൽകുന്നത് ചെൽസി സൂപ്പർ താരമായ ഹാക്കിം സിയെച്ചിനാണ് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വന്നിട്ടുള്ളത്.മുമ്പ് അയാക്സിൽ ടെൻ ഹാഗിന് കീഴിൽ കളിച്ചിട്ടുള്ള താരം കൂടിയാണ് സിയെച്ച്.ഫ്രാൻസ് ഫുട്ബോളിന്റെ മാധ്യമപ്രവർത്തകനായ നബിൽ ഡെല്ലിറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

2020ലായിരുന്നു ഈ മൊറോക്കാൻ താരം അയാക്സ് വിട്ടുകൊണ്ട് ചെൽസിയിലെത്തിയത്. 33 മില്യൺ പൗണ്ടായിരുന്നു താരത്തിന് വേണ്ടി ചെൽസി ചിലവഴിച്ചിരുന്നത്. എന്നാൽ പ്രതീക്ഷക്കൊത്തുയരാൻ താരത്തിന് സാധിച്ചിരുന്നില്ല.ചെൽസിക്ക് വേണ്ടി ആകെ 83 മത്സരങ്ങൾ കളിച്ച താരം 14 ഗോളുകളും 10 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ചെൽസി താരത്തെ ഒഴിവാക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.

20 മില്യൺ പൗണ്ടോളം താരത്തിന് വേണ്ടി യുണൈറ്റഡ് ചിലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.പക്ഷെ സിയെച്ച് ചെൽസി വിടാൻ തയ്യാറാവുമോ എന്നുള്ളത് അവ്യക്തമായ ഒരു കാര്യമാണ്. ഏതായാലും നേരത്തെ പരിശീലിപ്പിച്ചിട്ടുള്ള താരമായതിനാൽ സിയെച്ചിന്റെ കാര്യത്തിൽ വ്യക്തമായ ധാരണകൾ ടെൻ ഹാഗിനുണ്ട്.താരത്തെ എത്തിക്കാൻ കഴിഞ്ഞാൽ അത് യുണൈറ്റഡിന് ഗുണകരമായേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!