മാസ്മരിക തിരിച്ചുവരവിൽ മൈക്കൽ ഓവന്റെ റെക്കോർഡ് തകർത്ത് ഗർനാച്ചോ!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോക്സിങ് ഡേയിൽ നടന്ന മത്സരത്തിൽ ഒരു അവിസ്മരണീയ വിജയമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് അവർ ആസ്റ്റൻ വില്ലയെ പരാജയപ്പെടുത്തുകയായിരുന്നു.ആദ്യപകുതിയിൽ രണ്ട് ഗോളുകൾക്ക് യുണൈറ്റഡ് പുറകിലായിരുന്നു.പിന്നീട് മാസ്മരിക തിരിച്ചുവരവ് യുണൈറ്റഡ് നടത്തുകയായിരുന്നു.രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ അവർ നേടുകയായിരുന്നു.

മത്സരത്തിന്റെ 59ആം മിനിറ്റിൽ റാഷ്ഫോർഡിന്റെ അസിസ്റ്റിൽ നിന്ന് ഗർനാച്ചോയാണ് ആദ്യ ഗോൾ നേടിയത്. പിന്നീട് 71ആം മിനിറ്റിൽ ഈ അർജന്റൈൻ യുവ സൂപ്പർ താരം വീണ്ടും ഗോൾ നേടിയതോടെ മത്സരം സമനിലയിലായി. അതിനുശേഷം 82ആം മിനിറ്റിൽ ഹൊയ്ലുണ്ട് കൂടി ഗോൾ നേടിയതോടെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം ഉറപ്പിച്ചത്.ജയത്തോടെ ആറാം സ്ഥാനത്തേക്ക് കയറാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ കഴിഞ്ഞിട്ടുണ്ട്.

ഈ ഇരട്ട ഗോളോട് കൂടി ഒരു പുതിയ റെക്കോർഡ് സ്വന്തമാക്കാൻ ഗർനാച്ചോക്ക് സാധിച്ചിട്ടുണ്ട്. പ്രീമിയർ ലീഗ് ബോക്സിങ് ഡേയിൽ രണ്ടോ അതിലധികമോ ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡാണ് ഗർനാച്ചോ സ്വന്തമാക്കിയിട്ടുള്ളത്. മൈക്കൽ ഓവന്റെ റെക്കോർഡ് ആണ് ഇദ്ദേഹം പഴങ്കഥയാക്കിയത്.

ഇന്നലെ ഇരട്ട ഗോളുകൾ നേടുമ്പോൾ 19 വർഷവും 178 ദിവസവും ആണ് ഗർനാച്ചോയുടെ പ്രായം. മൈക്കൽ ഓവൻ ഈ റെക്കോർഡ് സ്വന്തമാക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 20 വർഷവും 12 ദിവസവും ആയിരുന്നു. 1999 ൽ ന്യൂകാസിലിനെതിരെയായിരുന്നു ഓവൻ ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്.ഏതായാലും ഈ വിജയം നേടാൻ കഴിഞ്ഞത് യുണൈറ്റഡിനെ സംബന്ധിച്ചടുത്തോളം വളരെയധികം ആശ്വാസം നൽകുന്ന കാര്യമാണ്. മിന്നുന്ന ഫോമിൽ കളിക്കുന്ന വില്ലയെയാണ് അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. തീർച്ചയായും ഇത് കൂടുതൽ ആത്മവിശ്വാസം പകരുന്ന ഒരു കാര്യം തന്നെയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *