മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ക്ലബ്‌ വിടുന്നു, സ്ഥിരീകരിച്ച് പെപ് ഗ്വാർഡിയോള

മാഞ്ചസ്റ്റർ സിറ്റിയുടെ ജർമ്മൻ സൂപ്പർ താരം ലിറോയ് സാനെ ക്ലബ്‌ വിടുമെന്നുറപ്പായി. ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിലവിൽ സാനെയുടെ കരാർ 2021 ജൂൺ വരെയുണ്ട്. താരത്തിന്റെ കരാർ രണ്ടോ മൂന്നോ തവണ പുതുക്കാൻ സിറ്റി ശ്രമിച്ചെങ്കിലും താരം അതിന് സമ്മതിക്കാതെ വന്നതോടെയാണ് സിറ്റി വിടുമെന്നുറപ്പായത്. ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിലോ അതല്ലെങ്കിൽ താരത്തിന്റെ കരാർ അവസാനിക്കുന്ന അടുത്ത വർഷമോ താരം ക്ലബ്‌ വിട്ടേക്കും. ബുണ്ടസ്‌ലിഗ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ് താരത്തെ നോട്ടമിട്ട ക്ലബുകളിൽ മുൻനിരയിൽ ഉള്ളത്. കുറച്ചു കാലം പരിക്കേറ്റ് പുറത്തിരുന്ന താരം പരിശീലകൻ പെപ്പുമായി അത്ര നല്ല ബന്ധത്തിലല്ല.താരത്തെ നിലനിർത്താൻ സിറ്റി കഴിവതും ശ്രമിച്ചെങ്കിലും ക്ലബ്‌ വിടാൻ താരം നിർബന്ധം പിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

” ലിറോയ് എന്നോട് പറഞ്ഞത് അദ്ദേഹത്തിന് കരാർ പുതുക്കാൻ താല്പര്യമില്ല എന്നാണ്. അതിനർത്ഥം ഈ സമ്മറിലോ അതല്ലെങ്കിൽ അദ്ദേഹത്തിന്റെ കരാർ അവസാനിച്ചിട്ടോ അദ്ദേഹം ക്ലബ്‌ വിടും. ക്ലബ്‌ എന്നോട് പലവട്ടം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. രണ്ടോ മൂന്നോ തവണ കരാർ പുതുക്കാൻ വേണ്ടി ക്ലബ്‌ ഓഫറുമായി അദ്ദേഹത്തിനെ സമീപിച്ചിരുന്നു. അതെല്ലാം അദ്ദേഹം നിരസിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന് മറ്റൊരു ക്ലബിൽ കളിക്കാനാണ് ആഗ്രഹം. എല്ലാവർക്കും അറിയുന്ന പോലെ തന്നെ ഈ സമ്മറിൽ അദ്ദേഹം മറ്റൊരു ക്ലബുമായി അഗ്രിമെന്റിലെത്തിയാൽ അദ്ദേഹം ക്ലബ് വിടും. അല്ലെങ്കിൽ അടുത്ത വർഷം കരാർ അവസാനിക്കുന്നതോടെ അദ്ദേഹം ക്ലബ്‌ വിടും ” പെപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!