മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഗോളിലാറാടി മൊറീഞ്ഞോയും സംഘവും !

പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പൻ ജയം കരസ്ഥമാക്കി ഹോസെ മൊറീഞ്ഞോയുടെ ടോട്ടൻഹാം. കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് 6-1 എന്ന സ്കോറിന് ടോട്ടൻഹാം തരിപ്പണമാക്കിയത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷമാണ് മൊറീഞ്ഞോയും സംഘവും തിരിച്ചടിച്ചത്. ഇരട്ട ഗോളുകൾ നേടിയ ഹ്യൂങ് മിൻ സണ്ണും കെയ്നുമാണ് സ്പർസിന്റെ വിജയശില്പികൾ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വളരെ മോശം ഡിഫൻസാണ് ഈയൊരു നാണംകെട്ട തോൽവിയിലേക്ക് തള്ളിയിട്ടത്. മത്സരത്തിൽ സമ്പൂർണആധിപത്യം പുലർത്തി കൊണ്ട് തന്നെയാണ് ടോട്ടൻഹാം വിജയിച്ചു കയറിയത്. ജയത്തോടെ ടോട്ടൻഹാം ആറാം സ്ഥാനത്തേക്ക് ഉയർന്നു. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആവട്ടെ മൂന്നു മത്സരങ്ങളിൽ നിന്ന് മൂന്നു പോയിന്റ് മാത്രം നേടി പതിനാറാം സ്ഥാനത്താണ്.

മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ബ്രൂണോ ഫെർണാണ്ടസ് പെനാൽറ്റിയിലൂടെ യുണൈറ്റഡിന് ലീഡ് നേടികൊടുത്തുവെങ്കിലും നാലാം മിനിറ്റിൽ ഡോമ്പലെ അതിന് മറുപടി നൽകി. എന്നാൽ അവിടം കൊണ്ട് അവസാനിച്ചില്ല. ഏഴാം മിനിറ്റിൽ ഹാരി കെയ്നിന്റെ പാസിൽ നിന്ന് സൺ ഗോൾ കണ്ടെത്തുകയായിരുന്നു. 28-ആം മിനിറ്റിൽ ആന്റണി മാർഷ്യൽ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയത് യുണൈറ്റഡിന് വമ്പൻ തിരിച്ചടിയായി. മുപ്പതാം മിനിറ്റിൽ സണ്ണിന്റെ പാസിൽ നിന്നും ഹാരി കെയ്ൻ വല കുലുക്കി. 37-ആം മിനുട്ടിൽ വീണ്ടും സൺ ലക്ഷ്യം കണ്ടു. ഇത്തവണ സെർജ് ഓറിയർ ആയിരുന്നു ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിലും ടോട്ടൻഹാം ഗോൾവേട്ട തുടർന്നു. 51-ആം മിനിറ്റിൽ ഓറിയർ തന്നെ ലക്ഷ്യം കാണുകയായിരുന്നു. 79-ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കെയ്ൻ ലക്ഷ്യത്തിൽ എത്തിച്ചതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പതനം പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!