മറ്റാരും വിശ്വസിക്കാത്ത സമയത്ത് എവെർട്ടൺ തന്നെ വിശ്വസിച്ചു, നന്ദിയോടെ റോഡ്രിഗസ് പറയുന്നു !

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു റയൽ മാഡ്രിഡിന്റെ കൊളംബിയൻ സൂപ്പർ താരമായിരുന്ന ഹാമിഷ് റോഡ്രിഗസ് ക്ലബ്‌ വിട്ടു എവെർട്ടണിലേക്ക് ചേക്കേറിയത്. റയൽ മാഡ്രിഡിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്ത താരം അവിടെ തീർത്തും നിരാശനായിരുന്നു. തുടർന്ന് താരത്തിന്റെ പ്രിയപ്പെട്ട പരിശീലകനായ കാർലോ ആഞ്ചലോട്ടി താരത്തെ എവെർട്ടണിൽ എത്തിക്കുകയായിരുന്നു. റയൽ മാഡ്രിഡിലും ബയേൺ മ്യൂണിക്കിലും പരിശീലകനായ സമയത്ത് താരത്തെ ആ ക്ലബുകളിൽ എത്തിച്ചത് ആഞ്ചലോട്ടിയായിരുന്നു.എവെർട്ടണിലും ആഞ്ചലോട്ടി പതിവ് തെറ്റിച്ചില്ല. ഹാമിഷ് റോഡ്രിഗസിനെ വിശ്വാസമർപ്പിച്ചു കൊണ്ട് ആഞ്ചലോട്ടി താരത്തെ എവെർട്ടണിൽ എത്തിക്കുകയായിരുന്നു. ഇപ്പോഴിതാ ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് റോഡ്രിഗസ്. ആരും തന്നിൽ വിശ്വാസമർപ്പിക്കാത്ത സമയത്ത് എവെർട്ടണും ആഞ്ചലോട്ടിയും വിശ്വാസമർപ്പിച്ചു എന്നാണ് റോഡ്രിഗസ് പറഞ്ഞത്. ബിടി സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് റോഡ്രിഗസ് ഇക്കാര്യം തുറന്നു പറഞ്ഞത്.

” ഞാൻ ആ ക്ലബുകളിൽ ആയ സമയത്ത് അധികമൊന്നും കളിച്ചിട്ടില്ലയിരുന്നു. എന്നെ വിശ്വസിക്കുന്ന ഒരു ടീമിലേക്കും, എന്നെ കളത്തിനകത്തും പുറത്തും നന്നായി അറിയുന്ന ഒരു പരിശീലകന്റെ കീഴിലേക്കും ചേക്കേറാനായിരുന്നു എന്റെ ആഗ്രഹം. കാർലോയായിരുന്നു ഇതിലെ നിർണായകസാന്നിധ്യം. ആരും വിശ്വസിക്കാത്ത സമയത്ത് എവെർട്ടൺ എന്നെ വിശ്വസിക്കുകയും ചെയ്തു. ഞാൻ എപ്പോഴും അതിന് നന്ദിയുള്ളവനായിരിക്കും ” ഹാമിഷ് റോഡ്രിഗസ് പറഞ്ഞു. ഈ സീസണിൽ എവെർട്ടണ് വേണ്ടി മൂന്ന് ഗോളും മൂന്ന് അസിസ്റ്റും നേടാൻ താരത്തിന് സാധിച്ചിരുന്നു. എന്നാൽ അവസാനമൂന്ന് മത്സരങ്ങളിൽ താരവും ക്ലബും പരാജയമറിയുകയാണ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *