മനസ്സ് മാറി,ചെൽസി വിട്ട് തിയാഗോ സിൽവ മടങ്ങുന്നു!

2020ലായിരുന്നു ബ്രസീലിയൻ സൂപ്പർതാരമായ തിയാഗോ സിൽവ പിഎസ്ജി വിട്ടു കൊണ്ട് ചെൽസിയിൽ എത്തിയത്. ഫ്രീ ട്രാൻസ്ഫറിലായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് താരത്തെ സ്വന്തമാക്കിയിരുന്നത്. തകർപ്പൻ പ്രകടനമായിരുന്നു പിന്നീട് സിൽവ നടത്തിയത്. തുടർന്ന് അദ്ദേഹത്തിന്റെ കോൺട്രാക്ട് ചെൽസി പുതുക്കുകയും ചെയ്തിരുന്നു.

നിലവിൽ 2024 വരെ സിൽവക്ക് ചെൽസിയുമായി കരാർ അവശേഷിക്കുന്നുണ്ട്.ഈയിടെയായിരുന്നു അദ്ദേഹം കരാർ പുതുക്കൽ നടത്തിയിരുന്നത്.എന്നാൽ ഈ ബ്രസീലിയൻ സൂപ്പർതാരത്തിന്റെ മനസ്സ് മാറി എന്നുള്ള കാര്യം പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ചെൽസിയുമായുള്ള കോൺട്രാക്ട് റദ്ദാക്കിക്കൊണ്ട് തന്റെ ജന്മദേശമായ ബ്രസീലിലേക്ക് മടങ്ങാനാണ് സിൽവ ഇപ്പോൾ ആഗ്രഹിക്കുന്നത്.

ഈ സീസണിൽ മോശം പ്രകടനമാണ് ചെൽസി നടത്തുന്നത്. മാത്രമല്ല നിരവധി പരിശീലകർ ഇക്കാലയളവിൽ പുറത്താക്കപ്പെട്ടു. അതിനേക്കാളുപരി പ്ലാനുകൾ ഒന്നുമില്ലാതെ ഒരുപാട് സൂപ്പർതാരങ്ങളെ ചെൽസി വാങ്ങിക്കൂട്ടിയിരുന്നു.അതിനെ സിൽവ വിമർശിക്കുകയും ചെയ്തിരുന്നു. ഏതായാലും ക്ലബ്ബിനകത്ത് നിലവിൽ ഈ താരം ഹാപ്പിയല്ല.അതുകൊണ്ടാണ് സില്‍വ ഇപ്പോൾ ചെൽസി വിടാൻ തീരുമാനിച്ചിട്ടുള്ളത്.

അടുത്ത മത്സരത്തിൽ ഒരു ബാനർ ഉയർത്തിക്കൊണ്ട് സിൽവക്ക് ട്രിബ്യൂട്ട് നൽകാൻ ചെൽസി ആരാധകർ തീരുമാനിച്ചു കഴിഞ്ഞതായും ഗ്ലോബോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏതായാലും തന്റെ മുൻ ക്ലബ്ബായ ഫ്ലുമിനൻസിലേക്ക് തന്നെ മടങ്ങാനാണ് 38 കാരനായ സിൽവ തീരുമാനിച്ചിരിക്കുന്നത്. 115 മത്സരങ്ങളാണ് അദ്ദേഹം ആകെ ചെൽസിക്ക് വേണ്ടി കളിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *