മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കണം, സൂപ്പർ താരത്തെ സൈൻ ചെയ്യുന്നതിന്റെ തൊട്ടരികിൽ ബാഴ്സ!

ഈ സീസണിന് ശേഷം എഫ്സി ബാഴ്സലോണയിൽ കാതലായ മാറ്റങ്ങൾ ഉണ്ടാവുമെന്ന് ബാഴ്സയുടെ പ്രസിഡന്റ്‌ ജോയൻ ലാപോർട്ട അറിയിച്ചിരുന്നു. ഇതോടെ ഒട്ടേറെ ബാഴ്സ താരങ്ങളുടെ ഭാവി ത്രിശങ്കുവിലായിരുന്നു. അതേസമയം സൂപ്പർ താരങ്ങളായ സെർജിയോ അഗ്വേറോ, മെംഫിസ് ഡീപേ എന്നിവരുമായി ബാഴ്സ കരാറിൽ എത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം മറ്റൊരു താരത്തെ കൂടി സൈൻ ചെയ്യുന്നതിന്റെ വക്കിലാണ് നിലവിൽ ബാഴ്‌സയുള്ളത്. മധ്യനിരയിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയോടെ സൂപ്പർ താരം വൈനാൾഡത്തെയാണ് ബാഴ്സ സൈൻ ചെയ്യാനൊരുങ്ങി നിൽക്കുന്നത്. സ്പാനിഷ് മാധ്യമങ്ങൾ എല്ലാം തന്നെ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ലിവർപൂൾ താരമായ വിനാൾഡം അവസാനമത്സരം കളിച്ചു കൊണ്ട് തന്റെ ക്ലബ്ബിനോട് വിടചൊല്ലിയിരുന്നു.

ഫ്രീ ഏജന്റ് ആയിക്കൊണ്ടായിരിക്കും താരം ബാഴ്സയിൽ എത്തുക. മൂന്ന് വർഷത്തെ കരാറിലായിരിക്കും താരം ഒപ്പ് വെക്കുക.ഇത്‌ സംബന്ധിച്ച് ബാഴ്സയുമായി സംസാരിക്കുമെന്ന് താരത്തിന്റെ ഏജന്റ് ആയ യാൻ കബാൾട്ട് മുമ്പ് തന്നെ അറിയിച്ചിരുന്നു.ഏതായാലും ഉടൻ തന്നെ ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ബാഴ്‌സയുടെ പരിശീലകനായ റൊണാൾഡ് കൂമാന് കീഴിൽ ഡച്ച് ടീമിൽ വൈനാൾഡം കളിച്ചിരുന്നു.2016-ലായിരുന്നു താരം ന്യൂകാസിലിൽ നിന്നും ലിവർപൂളിൽ എത്തിയത്.30-കാരനായ താരം റെഡ്‌സിന് വേണ്ടി 236 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും കരസ്ഥമാക്കിയാണ് വൈനാൾഡം ബാഴ്സയിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *