മധ്യനിരയാണ് ടെൻ ഹാഗിന് തലവേദന,പരിഹരിക്കാൻ കാസമിറോയെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണം,ചില ഡയറക്ടർമാർ മാഡ്രിഡിലെത്തി!
കഴിഞ്ഞ കുറച്ചു വർഷങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡ് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.എറിക്ക് ടെൻ ഹാഗ് വന്നിട്ടും ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതൽ സൂപ്പർതാരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ യുണൈറ്റഡുള്ളത്.ഡി യോങ്,ആന്റണി, മാത്യൂസ് കുഞ്ഞ,മൗറോ ഇക്കാർഡി എന്നിവർക്ക് വേണ്ടിയൊക്കെ യുണൈറ്റഡ് ശ്രമങ്ങൾ നടത്തുന്നുണ്ട്.
എന്നാൽ ഏറ്റവും പുതിയതായി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ താല്പര്യപ്പെട്ടിരിക്കുന്നത് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരമായ കാസമിറോയിലാണ്.യുണൈറ്റഡിന്റെ പ്രധാന തലവേദനയായ മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കെൽപ്പുള്ള താരമാണ് കാസമിറോ. താരത്തെ യുണൈറ്റഡ് ലക്ഷ്യംവെച്ച വിവരം മാർക്കയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Manchester United are targeting an ambitious move for Real Madrid midfielder Casemiro 💪 pic.twitter.com/kYdKQb9tYa
— GOAL (@goal) August 16, 2022
യുണൈറ്റഡ് ചില ഡയറക്ടർമാർ നിലവിൽ മാഡ്രഡിൽ ഉണ്ട്. എന്നാൽ ഔദ്യോഗികമായി കൊണ്ട് റയലിനെ ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് ബന്ധപ്പെട്ടിട്ടില്ല. ഇനി കോൺടാക്ട് ചെയ്താൽ തന്നെ കാസമിറോയെ പോലെ താരത്തെ കൈവിടാൻ റയൽ ഒരിക്കലും തയ്യാറാവില്ല.പുതുതായി ചുവാമെനി എത്തിയിട്ടുണ്ടെങ്കിലും കാസമിറോ തന്നെയാണ് റയലിന്റെ പ്രധാനപ്പെട്ട ഡിഫൻസീവ് മിഡ്‌ഫീൽഡർ.
2013ൽ കേവലം ആറു മില്യൺ യൂറോക്ക് ബ്രസീലിയൻ ക്ലബ്ബായ സാവോ പോളോയിൽ നിന്നാണ് കാസമിറോ റയലിൽ എത്തിയത്. തുടർന്ന് ഒരു വർഷം പോർട്ടോയിൽ താരം ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു.പിന്നീട് 2015 മുതൽ റയൽ നിരയിൽ സ്ഥിര സാന്നിധ്യമാണ് ഈ ബ്രസീലിയൻ സൂപ്പർതാരം. നിലവിൽ 50 മില്യൺ യൂറോയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. പക്ഷേ ഇതുവരെ യുണൈറ്റഡ് ബിഡുകൾ ഒന്നും സമർപ്പിച്ചിട്ടില്ല.ഒരു സ്ട്രൈക്കറെ സ്വന്തമാക്കുന്നതിനാണ് യുണൈറ്റഡ് നിലവിൽ മുൻഗണന നൽകുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.