മടുത്തു,ചെൽസി വിടുന്ന കാര്യം പരിഗണിച്ച് എൻസോ ഫെർണാണ്ടസ്!

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ എൻസോ ഫെർണാണ്ടസ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയുടെ താരമാണിപ്പോൾ. റെക്കോർഡ് തുകക്കായിരുന്നു അദ്ദേഹത്തെ ചെൽസി സ്വന്തമാക്കിയിരുന്നത്.പക്ഷേ ആ തുകയോട് നീതിപുലർത്തുന്ന ഒരു പ്രകടനം എൻസോ ഇതുവരെ നടത്തിയിട്ടില്ല എന്ന് പറയേണ്ടിവരും. മാത്രമല്ല ചെൽസി വളരെ മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.

121 മില്യൺ യൂറോയാണ് ചെൽസി അദ്ദേഹത്തിനുവേണ്ടി ചിലവഴിച്ചിരുന്നത്.2032വരെയുള്ള ഒരു ദീർഘകാലത്തെ കോൺട്രാക്ട് അദ്ദേഹത്തിന് ചെൽസിയുമായി അവശേഷിക്കുന്നുണ്ട്. പക്ഷേ ചെൽസിയുടെ ഈ മോശം പ്രകടനം കാരണം അദ്ദേഹത്തിന് മടുത്തു തുടങ്ങിയിട്ടുണ്ട്. ചെൽസി വിടുന്ന കാര്യം ഈ അർജന്റൈൻ സൂപ്പർ താരം പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. ഫുട്ബോൾ ട്രാൻസ്ഫർസിന്റെ ജാക്യൂ ടൽബോട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതായത് താരത്തിന്റെ ഏജന്റായ പെരസ് മറ്റുള്ള ഓപ്ഷനുകളെ ഇപ്പോൾ പരിഗണിച്ച് തുടങ്ങിയിട്ടുണ്ട്. നിലവിൽ ചെൽസിയിൽ എൻസോ ഫെർണാണ്ടസ് സന്തോഷവാനല്ല. മറ്റുള്ള ക്ലബ്ബുകളിൽ നിന്നും ഓഫറുകൾ ലഭിച്ചു കഴിഞ്ഞാൽ എൻസോ അത് പരിഗണിച്ചേക്കും. അതുപോലെതന്നെ മറ്റൊരു ചെൽസി സൂപ്പർതാരമായ മുഡ്രിക്കും ഈ തീരുമാനം തന്നെയാണ് കൈകൊണ്ടിരിക്കുന്നത്. അദ്ദേഹവും ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

പക്ഷേ എൻസോയെ ചെറിയ തുകക്ക് കൈവിടാൻ ചെൽസി ഒരിക്കലും തയ്യാറാവില്ല. താരത്തെ സ്വന്തമാക്കണമെങ്കിൽ മറ്റു ക്ലബ്ബുകൾ വലിയ ഒരു തുക തന്നെ ചെലവഴിക്കേണ്ടി വരും. ആകെ 49 മത്സരങ്ങളാണ് ചെൽസിക്ക് വേണ്ടി താരം കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും മാത്രമാണ് താരം നേടിയിട്ടുള്ളത്.എൻസോ തന്റെ പ്രകടനം മെച്ചപ്പെടുത്തണമെന്ന് ഈയിടെ പരിശീലകൻ പോച്ചെട്ടിനോ തുറന്ന് പറയുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *