ഭ്രാന്തമായ തീരുമാനം, കിരീടം തന്നെ നഷ്ടപ്പെടുമായിരുന്നു:പെപ്പിനെതിരെ സിൽവ പറഞ്ഞത്.

കഴിഞ്ഞ സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയത് മാഞ്ചസ്റ്റർ സിറ്റി തന്നെയായിരുന്നു. ഒരു ഘട്ടത്തിൽ ആഴ്സണൽ കിരീടം സ്വന്തമാക്കുമെന്ന് തോന്നിച്ചുവെങ്കിലും പതിവ് പോലെ അവർ പടിക്കൽ കലമുടക്കുകയായിരുന്നു. അന്ന് മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് വിജയം നേടാൻ സിറ്റിക്ക് സാധിച്ചിരുന്നു. ആ വിജയത്തോടുകൂടിയായിരുന്നു പ്രീമിയർ ലീഗ് കിരീടം അരക്കിട്ടുറപ്പിക്കാൻ സിറ്റിക്ക് സാധിച്ചിരുന്നത്.

ആ മത്സരത്തിൽ വിചിത്രമായ ഒരു തീരുമാനം സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള എടുത്തിരുന്നു. പോർച്ചുഗീസ് സൂപ്പർ താരമായ ബെർണാഡോ സിൽവയെ പെപ് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിപ്പിക്കുകയായിരുന്നു. വളരെ നിർണായകമായ മത്സരത്തിലായിരുന്നു പെപ്പിന്റെ ഈ പരീക്ഷണം. തനിക്ക് അത് ഭ്രാന്തമായി തോന്നി എന്നുള്ള കാര്യം സിൽവ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അദ്ദേഹം എന്നോട് ആവശ്യപ്പെട്ട ഏറ്റവും ഭ്രാന്തമായ കാര്യം ആഴ്സണലിനെതിരെ എമിറേറ്റ്സിൽ വെച്ചു കൊണ്ട് വിങറായി കളിക്കാൻ ആവശ്യപ്പെട്ടതായിരുന്നു.കാരണം ഞാൻ നേരിടേണ്ടി വന്നിരുന്നത് സാക്കയെയായിരുന്നു.അത് ഒരിക്കലും എളുപ്പമായിരുന്നില്ല.ഒരുപാട് സമ്മർദ്ദം ആ മത്സരത്തിൽ ഉണ്ടായിരുന്നു.ആ മൽസരത്തിൽ പരാജയപ്പെട്ടിരുന്നുവെങ്കിൽ കിരീടം തന്നെ ഞങ്ങൾക്ക് നഷ്ടമാകുമായിരുന്നു.പക്ഷേ അത് ഞാൻ എല്ലാ കാലവും ഓർത്തിരിക്കും.ഞാൻ അത് വളരെയധികം ഇഷ്ടപ്പെട്ടു.വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു, പക്ഷേ അതൊരു മഹത്തായ ചലഞ്ച് ആയിരുന്നു “ഇതാണ് സിൽവ പറഞ്ഞിട്ടുള്ളത്.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി മിന്നുന്ന പ്രകടനം തുടരാൻ സിൽവക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്.കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു. ഇതോടെ പ്രീമിയർ ലീഗിൽ 37 അസിസ്റ്റുകൾ നേടിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം എത്താൻ സിൽവക്ക് സാധിച്ചിരുന്നു. 37 അസിസ്റ്റുകളാണ് തന്റെ കരിയറിൽ പ്രീമിയർ ലീഗിൽ റൊണാൾഡോ സ്വന്തമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *