ബ്രൂണോയെ ആരും സ്വപ്നം കാണേണ്ട,ഒപ്പ് വെക്കുന്നത് ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരമാവാൻ!

മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അവരുടെ ക്യാപ്റ്റനായ ബ്രൂണോ ഫെർണാണ്ടസ്. പതിവുപോലെ കഴിഞ്ഞ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഈ പോർച്ചുഗീസ് സൂപ്പർ താരത്തിന് കഴിഞ്ഞിരുന്നു. എല്ലാ കോമ്പറ്റീഷനിലുമായി ആകെ 48 മത്സരങ്ങളായിരുന്നു കഴിഞ്ഞ സീസണിൽ താരം കളിച്ചിരുന്നത്.അതിൽ നിന്ന് 15 ഗോളുകളും 13 അസിസ്റ്റുകളും സ്വന്തമാക്കാൻ ഈ പോർച്ചുഗീസ് സൂപ്പർ താരത്തിന് കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ മറ്റൊരു നീക്കം കൂടി ഫലം കണ്ടിട്ടുണ്ട്. അതായത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇദ്ദേഹത്തിന്റെ കോൺട്രാക്ട് പുതുക്കുകയാണ്. 2027 വരെയുള്ള ഒരു പുതിയ കരാറിലായിരിക്കും താരം ഒപ്പുവെക്കുക.ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടാനുള്ള ഓപ്ഷനും ലഭ്യമാണ്.ഈ കരാറിൽ ഒപ്പുവെക്കുന്നതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഏറ്റവും കൂടുതൽ സാലറി കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളായി മാറാൻ ബ്രൂണോക്ക് സാധിക്കും.ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഒരു ആഴ്ചയിൽ 2,40,000 പൗണ്ടാണ് താരത്തിന് പുതിയ കോൺട്രാക്ട് പ്രകാരം ലഭിക്കുക.ബ്രൂണോയെ സ്വന്തമാക്കാൻ പല ക്ലബ്ബുകളും രംഗത്തുണ്ടായിരുന്നു.പിഎസ്ജിക്ക് താല്പര്യമുള്ള താരമാണ് ബ്രൂണോ.കൂടാതെ സൗദി അറേബ്യയും വലിയ രൂപത്തിലുള്ള ശ്രമങ്ങൾ ഈ താരത്തിന് വേണ്ടി നടത്തിയിരുന്നു.പക്ഷേ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ മത്സരത്തിൽ ബ്രൂണോ കളിച്ചിരുന്നു. എന്നാൽ മാഞ്ചസ്റ്റർ സിറ്റിയോട് അവർ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു. ഇനി പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഫുൾ ഹാമിനെയാണ് യുണൈറ്റഡ് നേരിടുക. വരുന്ന ഓഗസ്റ്റ് പതിനേഴാം തീയതി അർദ്ധരാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *