ബ്രസീലിൽ പരിശീലകനാകരുത്, അണ്ടർവെയർ മാറ്റുന്നതിനേക്കാൾ കൂടുതൽ തവണ അവർ പരിശീലകരെ മാറ്റും:ക്ലോപ്

മുൻ ബ്രസീലിയൻ താരമായിരുന്ന ലുകാസ് ലെയ്‌വ ഈയിടെയായിരുന്നു ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളിന് വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള ഇതിഹാസം കൂടിയാണ് ലെയ്‌വ. 2008 മുതൽ 2017 വരെയായിരുന്നു ഇദ്ദേഹം ലിവർപൂളിന് വേണ്ടി കളിച്ചിരുന്നത്.യുർഗൻ ക്ലോപിന് കീഴിൽ 2 സീസണുകൾ ഇദ്ദേഹം ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇദ്ദേഹവുമായി ലിവർപൂൾ പരിശീലകനായ യുർഗൻ ക്ലോപ് ഒരു അഭിമുഖം നടത്തിയിരുന്നു. ഒരുപാട് കാര്യങ്ങൾ ക്ലോപ് ഇദ്ദേഹവുമായി പങ്കുവെച്ചിരുന്നു. ഒരിക്കലും ബ്രസീലിയൻ ക്ലബ്ബുകളിൽ പരിശീലകൻ ആകരുത് എന്നുള്ള ഒരു ഉപദേശവും ലെയ്‌വക്ക് ഇപ്പോൾ ക്ലോപ് നൽകിയിട്ടുണ്ട്.അതിനുള്ള കാരണവും അദ്ദേഹം വിശദമാക്കുന്നുണ്ട്.ക്ലോപിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ ഒരു കാഴ്ചപ്പാടിൽ നിങ്ങൾ ഒരു പരിശീലകൻ ആവാൻ സാധ്യതയുണ്ട്. പക്ഷേ ബ്രസീലിൽ നിങ്ങൾ പരിശീലകൻ ആവാൻ ശ്രമിക്കുന്നത് നല്ലതല്ല.ആളുകൾ അണ്ടർവെയർ മാറുന്നതിനേക്കാൾ കൂടുതൽ തവണ പരിശീലകരെ മാറ്റുന്നവരാണ് ബ്രസീലിൽ ഉള്ളവർ. കുറച്ചെങ്കിലും കാലം തുടരണമെന്നുണ്ടെങ്കിൽ ഇംഗ്ലണ്ടിലോ അല്ലെങ്കിൽ ഇറ്റലിയിലോ പരിശീലകനാവുക. മാത്രമല്ല നിങ്ങൾക്ക് ഒരുപാട് ഭാഷകൾ സംസാരിക്കാൻ അറിയും. അതുകൊണ്ടുതന്നെ ഭാഷ ഒരു തടസ്സമാവില്ല ” ഇതാണ് ഇപ്പോൾ ക്ലോപ് ലുക്കാസ് ലെയ്‌വക്ക് നൽകിയ ഉപദേശം.

ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി ഇദ്ദേഹം 24 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ബ്രസീലിയൻ ക്ലബ്ബായ ഗ്രീമിയോയിലൂടെയായിരുന്നു ഇദ്ദേഹം വളർന്നിരുന്നത്. ആരോഗ്യ പ്രശ്നങ്ങൾ കാരണം ഗ്രിമിയോയിൽ വെച്ച് തന്നെയാണ് ഈ ഡിഫൻസീവ് മിഡ്‌ഫീൽഡർ വിരമിക്കൽ പ്രഖ്യാപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *