ബ്രസീലിയൻ സൂപ്പർ താരത്തെ സ്വന്തമാക്കണം,ടോട്ടൻഹാമിന് വെല്ലുവിളി ഉയർത്തിക്കൊണ്ട് മാഞ്ചസ്റ്റർ സിറ്റി രംഗത്ത്!
ഈ ട്രാൻസ്ഫർ ജാലകത്തിൽ പ്രധാനപ്പെട്ട പ്രീമിയർ ലീഗ് ക്ലബ്ബുകളെല്ലാം തന്നെ നോട്ടമിട്ട താരമാണ് ലിയോണിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ലുക്കാസ് പക്കേറ്റ.ആഴ്സണൽ,ന്യൂകാസിൽ യുണൈറ്റഡ് എന്നിവരായിരുന്നു താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നത്.എന്നാൽ പക്കേറ്റ വലിയ താല്പര്യം പ്രകടിപ്പിക്കാതിരുന്നതോടെ ഇരു ടീമുകളും പിന്മാറുകയായിരുന്നു.
നിലവിൽ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുന്നത് ടോട്ടൻഹാം ഹോട്സ്പറാണ്. നേരത്തെ 24 കാരനായ ഈ താരത്തിന് വേണ്ടി 40 മില്യൺ യുറോയുടെ ഒരു ഓഫർ ടോട്ടൻഹാം നൽകിയിരുന്നുവെങ്കിലും അത് ലിയോൺ നിരസിക്കുകയായിരുന്നു. ഇപ്പോഴിതാ താരത്തിന് വേണ്ടി മാഞ്ചസ്റ്റർ സിറ്റി രംഗപ്രവേശനം ചെയ്തിട്ടുണ്ട്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
🚨Manchester City are now targeting Lyon's Lucas Paquetá (24) alongside Tottenham who had a €40m+ offer rejected in January – the player is not interested in the prospect of Newcastle or Arsenal. (L'Éq)https://t.co/IwZI76RFGP
— Get French Football News (@GFFN) July 27, 2022
2025 വരെയാണ് പക്കേറ്റക്ക് ലിയോണുമായി കരാർ അവശേഷിക്കുന്നത്. ഈ കരാർ പുതുക്കാൻ താരം താൽപര്യപ്പെടുന്നില്ല എന്ന് മാത്രമല്ല ക്ലബ്ബ് വിട്ടുപോവാൻ പക്കേറ്റ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ നല്ലൊരു തുക ലഭിച്ചാൽ മാത്രമേ താരത്തെ ലിയോൺ കൈമാറുകയൊള്ളൂ. നിലവിൽ ക്ലബ്ബ് ഉദ്ദേശിക്കുന്ന രൂപത്തിലുള്ള ഒരു ഓഫർ ആരിൽ നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.
അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർതാരമായ ബെർണാഡോ സിൽവക്ക് ക്ലബ്ബ് വിടാൻ താല്പര്യമുണ്ട്. അദ്ദേഹം ക്ലബ്ബ് വിട്ടാൽ മാത്രമായിരിക്കും പക്കേറ്റക്ക് വേണ്ടി സിറ്റി കഠിനമായി ശ്രമിക്കുക എന്നുള്ളതാണ് അറിയാൻ സാധിക്കുന്നത്. അങ്ങനെയാണെങ്കിലും ഈ ബ്രസീലിയൻ സൂപ്പർതാരത്തിനു വേണ്ടി സിറ്റി നല്ലൊരു തുക തന്നെ മുടക്കേണ്ടി വന്നേക്കും. 2017ലായിരുന്നു പക്കേറ്റ എസി മിലാൻ വിട്ടുകൊണ്ട് ലിയോണിൽ എത്തിയത്. ഇതുവരെ ലീഗിൽ ക്ലബ്ബിന് വേണ്ടി കളിച്ച 64 മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടാൻ ഈ മിഡ്ഫീൽഡർക്ക് സാധിച്ചിട്ടുണ്ട്.