ബ്രസീലിയൻ ഡിഫൻഡർക്കായി യൂറോപ്പിൽ പിടിവലി, മുൻ നിരയിൽ വമ്പൻ ക്ലബുകൾ

ബ്രസീലിന്റെ ഭാവി സൂപ്പർ ഡിഫൻഡറായി വാഴ്ത്തപ്പെടുന്ന താരമാണ് പോർട്ടോയുടെ അലക്സ്‌ ടെല്ലസ്. ഈ സീസണിൽ പോർട്ടോക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ടെല്ലസാണ് ഈ ട്രാൻസ്ഫർ വമ്പൻ ക്ലബുകളുടെ നോട്ടപ്പുള്ളി. താരത്തെ ക്ലബിൽ എത്തിക്കാൻ പല ക്ലബുകളും ശ്രമിച്ചു തുടങ്ങിയതായി പല മാധ്യമങ്ങളും റിപ്പോർട്ട്‌ ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ക്ലബുകളാണ് യൂറോപ്യൻ വമ്പൻമാരായ ചെൽസിയും പിഎസ്ജിയും. ഇരുക്ലബുകളും ഈ ലെഫ്റ്റ് ബാക്ക് താരത്തെ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ തുനിഞ്ഞിറങ്ങിയതായാണ് പല റിപ്പോർട്ടുകളും പ്രതിപാദിക്കുന്നത്.

ഒരു മികച്ച ലെഫ്റ്റ് ബാക്കിനെ ടീമിലെത്തിക്കാൻ ലംപാർഡ് ക്ലബിനോട് ആവിശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ താരങ്ങളായ അലോൻസോക്കും എമേഴ്‌സണിനും ലംപാർഡിനെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഈയൊരു അവസരത്തിലാണ് ടെല്ലസ് ബ്ലൂസിന്റെ കണ്ണിൽ പെടുന്നത്.താരത്തിന് വേണ്ടി ഇരുപത്തി മൂന്നു മില്യൺ പൗണ്ട് വരെ ചെൽസിക്ക് ചിലവഴിക്കേണ്ടി വന്നേക്കും. അതേ സമയം അയാക്സിന്റെ അർജന്റൈൻ പ്രതിരോധനിര താരം ടാഗ്ലിയാഫിക്കോയെയും ഈ തുകക്ക് ലഭ്യമാവുമോ എന്നാണ് ചെൽസി നോക്കുന്നത്.ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് ടെല്ലസ് കാഴ്ച്ചവെക്കുന്നത്. ഇരുപത്തിമൂന്നു മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും അഞ്ച് അസിസ്റ്റുകളും ഈ ഡിഫൻഡർ കണ്ടെത്തി കഴിഞ്ഞു. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികവ് പുലർത്തുന്നു എന്നുള്ളതാണ് വമ്പൻ ക്ലബുകൾ താരത്തിൽ ആകൃഷ്ടരാവാനുള്ള പ്രധാനകാരണം.

ട്രാൻസ്ഫർ ജാലകത്തിൽ ടെല്ലസിന്റെ കാര്യത്തിൽ ചെൽസിക്ക് ഭീഷണി ഉയർത്തുന്നത് പണച്ചാക്കുകളായ പിഎസ്ജിയാണ്. ഇകാർഡിയുടെ പ്രശ്നം പരിഹരിക്കപ്പെട്ടതോടെ ഇനി ലക്ഷ്യം ടെല്ലസാണ് എന്നാണ് റിപ്പോർട്ടുകൾ. പിഎസ്ജിയും താരത്തിന് വേണ്ടി ഇരുപത്തിമൂന്നു മില്യൺ പൗണ്ട് വരെ മുടക്കാൻ പിഎസ്ജിയും തയ്യാറാണ്. ഇതോടെ മത്സരം കടുക്കുകയാണ് ചെയ്തത്. നിലവിൽ ബ്രസീലിയൻ താരങ്ങളായ നെയ്മർ, മാർക്കിഞ്ഞോസ്, സിൽവ എന്നിവർ പിഎസ്ജിയിലുണ്ട്. ഇവർ വഴി താരത്തെ ക്ലബിൽ എത്തിക്കാനും പിഎസ്ജി ശ്രമിക്കുന്നുണ്ട്. മൂന്നു ബ്രസീലിയൻ താരങ്ങൾ പ്രതിരോധത്തിൽ അണിനിരക്കുമ്പോൾ കൂടുതൽ ഒത്തിണക്കമുണ്ടാവുമെന്ന കണക്കുക്കൂട്ടലിലാണ് പിഎസ്ജി. 2021 വരെ ടെല്ലസിന് പോർട്ടോ കരാറുണ്ടെങ്കിലും താരം ക്ലബ്‌ വിടാൻ സാധ്യതയുണ്ട്. വേതനം കൂട്ടിത്തരണമെന്ന താരത്തിന്റെ ആവിശ്യം പോർട്ടോ അംഗീകരിക്കാത്തതാണ് താരത്തെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *