ബെഞ്ചിലിരുത്താൻ വേണ്ടി ക്രിസ്റ്റ്യാനോയെ ഇങ്ങോട്ട് കൊണ്ടുവരില്ല: ബ്രസീൽ ക്ലബ് പ്രസിഡന്റ്‌!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കോൺട്രാക്ട് ഈ സീസണോടുകൂടിയാണ് അവസാനിക്കുക.റൊണാൾഡോ ഈ സീസണിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്നുള്ള കാര്യം ഉറപ്പാണ്. എന്തെന്നാൽ പരിശീലകനുമായുള്ള ബന്ധം അത്ര നല്ല രൂപത്തിലല്ല.

അതേസമയം ബ്രസീലിയൻ ക്ലബ്ബായ ഫ്ലെമെങ്കോ റൊണാൾഡോയെ സ്വന്തമാക്കുമെന്നുള്ള റൂമർ പ്രചരിച്ചിരുന്നു. എന്നാൽ ഈ റൂമറിനോട് ഇപ്പോൾ ഫ്ലെമെങ്കോയുടെ പ്രസിഡണ്ടായ റോഡോൾഫോ ലാന്റിം പ്രതികരിച്ചിട്ടുണ്ട്. അതായത് ബെഞ്ചിൽ ഇരുത്താൻ വേണ്ടി റൊണാൾഡോയെ കൊണ്ടുവരാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പെഡ്രോയും ഗാബിഗോളുമൊക്കെ തങ്ങളുടെ കൈവശമുണ്ടെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.ഫ്ലെമെങ്കോ പ്രസിഡന്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” റൊണാൾഡോയെ ഞങ്ങൾ സ്വന്തമാക്കും എന്നുള്ള വാർത്ത എവിടെ നിന്നാണ് വന്നത് എന്നെനിക്കറിയില്ല. പക്ഷേ അത് നിർമ്മിച്ചവർ വളരെയധികം ക്രിയേറ്റിവിറ്റിയുള്ളവരാണ്. എവിടേക്കാണ് ഞങ്ങൾ റൊണാൾഡോയെ കൊണ്ടുവരേണ്ടത്? അദ്ദേഹം ഇവിടെ വന്നാൽ ബെഞ്ചിൽ ഇരിക്കേണ്ടിവരും. അത്തരത്തിലുള്ള ഒരു താരത്തിന് 242 മില്യൺ ഡോളർ മുടക്കേണ്ട ആവശ്യമില്ലല്ലോ.മാത്രമല്ല വലിയൊരു തുകയാണത്. ഞങ്ങൾക്ക് ഗാബിഗോളും പെഡ്രോയുമൊക്കെയുണ്ട്. അതുകൊണ്ടുതന്നെ പകരക്കാരനായി ഇറക്കാൻ വേണ്ടി റൊണാൾഡോയെ കൊണ്ടുവരില്ല.അത്തരം കാര്യങ്ങൾ ഞങ്ങൾ ഒരിക്കലും ചെയ്യാൻ പോകുന്നില്ല ” ഇതാണ് ഫ്ലമെങ്കോ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

ഈ സീസണിലെ കോപ ലിബർട്ടഡോറസ് കിരീടം നേടാൻ ഫ്ലമെങ്കോക്ക് സാധിച്ചിരുന്നു. ഈ ടൂർണമെന്റിൽ ബ്രസീലിയൻ സൂപ്പർ താരമായ പെഡ്രോയായിരുന്നു ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *