ബെക്കാമിന്റെ ഇന്റർമിയാമിയുടെ വമ്പൻ ഓഫർ നിരസിച്ച് വില്യൻ

ചെൽസിയുടെ ബ്രസീലിയൻ സൂപ്പർ താരം വില്യൻ എംഎൽഎസ് ക്ലബായ ഇന്റർമിലാന്റെ വമ്പൻ ഓഫർ നിരസിച്ചതായി റിപ്പോർട്ടുകൾ. ദി ടെലിഗ്രാഫിനെ ഉദ്ധരിച്ചു കൊണ്ട് ഡെയിലി മെയിൽ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. മുൻ ഇംഗ്ലീഷ് സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിൽ ഉള്ള ക്ലബാണ് ഇന്റർമിയാമി. ഏകദേശം മൂന്ന് വർഷത്തെ കരാറാണ് ഇന്റർ മിയാമി താരത്തിന് വാഗ്ദാനം ചെയ്തത്. എന്നാൽ തനിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വിടാൻ താല്പര്യമില്ല എന്നറിയിച്ചു കൊണ്ടാണ് താരം ഓഫർ നിരസിച്ചത്. ഈ സീസണിൽ ചെൽസിയുമായുള്ള വില്യന്റെ കരാർ പൂർത്തിയാവും. താരത്തിന്റെ കരാർ പുതുക്കുന്നതുമായുള്ള ചർച്ചകൾ ഒന്നും തന്നെ ഇതുവരെ കാര്യമായി നടന്നിട്ടില്ല എന്നാണ് അനുമാനിക്കപ്പെടുന്നത്.

അതേസമയം ലീഗ് പുനരാരംഭിച്ച ശേഷം തകർപ്പൻ ഫോമിലാണ് വില്യൻ കളിക്കുന്നത്. അവസാനഅഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും ഒരു അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ സീസണിൽ പതിനൊന്ന് ഗോളുകൾ സ്വന്തം പേരിലാക്കിയിരുന്നു. താരത്തിന്റെ കാലാവധി രണ്ട് വർഷത്തേക്ക് ചെൽസി നീട്ടുമെന്നുള്ള വാർത്തകൾ ഒക്കെ ഉണ്ടായിരുന്നുവെങ്കിലും അതിലൊന്നും പുരോഗതി രേഖപ്പെടുത്തിയിട്ടില്ല. അതേസമയം ചെൽസി പരിശീലകൻ ലംപാർഡിന് താരത്തെ നിലനിർത്താൻ താല്പര്യമുണ്ട്. ചെൽസിയുമായി കരാർ പുതുക്കിയില്ലെങ്കിൽ താരം ചേക്കേറാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ക്ലബ് ടോട്ടൻഹാമാണ്. താരത്തെ അന്വേഷിച്ചു കൊണ്ട് ടോട്ടൻഹാം മുൻപ് ചെൽസിയെ ബന്ധപ്പെട്ടിരുന്നു. പുതിയ താരങ്ങൾ ചെൽസിയിൽ വരുന്നതോടെ വില്യന്റെ സ്ഥാനം നഷ്ടപ്പെടാൻ ആണ് സാധ്യത. ഇതിനാൽ തന്നെ താരം ചെൽസി വിടാനും സാധ്യതകൾ ഏറെയാണ്. എന്നാൽ ഈ മൂന്നാഴ്ചകൾക്കുള്ളിൽ താരത്തിന്റെ കരാർ പുതുക്കാൻ ക്ലബ്‌ തയ്യാറാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *