ബിയറുണ്ടോ ആരുടെയെങ്കിലും കൈയ്യിൽ? നന്ദി :ആഴ്സണൽ ഫാൻസിനെ പരിഹസിച്ചു വിട്ട് കെവിൻ ഡി ബ്രൂയിന
ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായ ആഴ്സണലിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് ഈ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയം കരസ്ഥമാക്കിയത്. മത്സരത്തിൽ സൂപ്പർതാരം കെവിൻ ഡി ബ്രൂയിന തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കാൻ ഡി ബ്രൂയിനക്ക് സാധിച്ചിരുന്നു.
ആഴ്സണലിന്റെ മൈതാനത്ത് വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. എന്നാൽ പലപ്പോഴും ആഴ്സണൽ ആരാധകരിൽ നിന്നും മോശമായ പ്രവർത്തികൾ ഡി ബ്രൂയിനക്ക് നേരിടേണ്ടി വന്നിരുന്നു. കോർണർ ഫ്ലാഗിന് അടുത്തേക്ക് വന്ന ഡി ബ്രൂയിനക്ക് നേരെ ബോട്ടിലുകളും കപ്പുകളും എറിഞ്ഞു കൊണ്ടാണ് ആഴ്സണൽ ആരാധകർ തങ്ങളുടെ ദേഷ്യം പ്രകടിപ്പിച്ചത്.
Kevin De Bruyne on Instagram after Man City's win against Arsenal 😅 pic.twitter.com/1TFUKNg2QD
— ESPN FC (@ESPNFC) February 15, 2023
പക്ഷേ മത്സരശേഷം കെവിൻ ഡി ബ്രൂയിന ആഴ്സണൽ ആരാധകരെ പരിഹസിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒന്ന് രണ്ട് ഫോട്ടോകൾ പങ്കുവെച്ചിട്ടുണ്ട്. താൻ കൈ ഉയർത്തി നിൽക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം ആദ്യം പങ്കുവെച്ചിട്ടുള്ളത്.ബിയറുണ്ടോ ആരുടെയെങ്കിലും കയ്യിൽ എന്നാണ് അദ്ദേഹം ചോദിച്ചിരിക്കുന്നത്. അതിനുശേഷം അദ്ദേഹം തന്റെ അരികിലേക്ക് ഒരു ബോട്ടിൽ പറന്നുവരുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്. എന്നിട്ട് നന്ദി എന്നാണ് അതിന്റെ ക്യാപ്ഷനായി കൊണ്ട് കുറിച്ചിട്ടുള്ളത്. ചുരുക്കത്തിൽ തന്റെ നേർക്ക് വസ്തുക്കൾ എറിഞ്ഞ ആഴ്സണൽ ആരാധകരെ ട്രോളുകയാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്.
ഈ വിജയത്തോടുകൂടി പ്രീമിയർ ലീഗിലെ കിരീടം പോരാട്ടം ഇപ്പോൾ മുറുകിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റിക്കും ആഴ്സണലിനും നിലവിൽ ഒരേ പോയിന്റ് ആണ് ഉള്ളത്.ആഴ്സണലിനെക്കാൾ ഒരു മത്സരം കൂടുതൽ സിറ്റി കളിച്ചിട്ടുണ്ട്. അതേസമയം ഡി ബ്രൂയിന പതിവുപോലെ ഈ സീസണിലും മികച്ച പ്രകടനം തുടരുകയാണ്. നാലു ഗോളുകളും 12 അസിസ്റ്റുകളും ആണ് ഈ പ്രീമിയർ ലീഗിൽ അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.