ബാഴ്‌സയുടെ വണ്ടർകിഡിനെ നോട്ടമിട്ട് മാഞ്ചസ്റ്റർ സിറ്റി!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണ മാഞ്ചസ്റ്റർ സിറ്റിയുടെ സ്പാനിഷ് സൂപ്പർ താരമായ ഫെറാൻ ടോറസിനെ സ്വന്തമാക്കിയിരുന്നത്.55 മില്യൺ യൂറോയായിരുന്നു താരത്തിനു വേണ്ടി ബാഴ്സ മുടക്കിയിരിക്കുന്നത്. ഇതിന് മുമ്പ് എറിക് ഗാർഷ്യയെ സിറ്റിയിൽ നിന്നും ബാഴ്സ സ്വന്തമാക്കിയിരുന്നു. ഇനി അയ്മറിക് ലപോർട്ടയെ കൂടി സിറ്റിയിൽ നിന്നും ബാഴ്‌സ റാഞ്ചിയെക്കുമെന്ന് റൂമറുകൾ ഉണ്ടായിരുന്നു.

എന്നാൽ തിരികെ എഫ്സി ബാഴ്സലോണയുടെ യുവസൂപ്പർ താരത്തെ മാഞ്ചസ്റ്റർ സിറ്റി ലക്ഷ്യം വെച്ചിട്ടുണ്ടിപ്പോൾ.17-കാരനായ ഗാവിയെയാണ് ഇപ്പോൾ പെപ് ഗ്വാർഡിയോളക്ക് ആവിശ്യം. പ്രമുഖ മാധ്യമമായ എൽ നാസിയോണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പതിനേഴുകാരനായ ഗാവി മധ്യനിരയിൽ മികച്ച പ്രകടനമാണ് ഇപ്പോൾ കാഴ്ചവെക്കുന്നത്.

2015-ൽ 11 വയസ്സുള്ളപ്പോഴാണ് ഗാവി ബാഴ്‌സയുടെ അക്കാദമിയിൽ എത്തുന്നത്.2020 സെപ്റ്റംബറിലാണ് താരം ആദ്യമായി പ്രൊഫഷണൽ കോൺട്രാക്ടിൽ ഒപ്പ് വെക്കുന്നത്.പിന്നീടാണ് താരം ബാഴ്സലോണ ബിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത്.ഈ സീസണിലായിരുന്നു ഗാവി സീനിയർ ടീമിലേക്ക് പ്രൊമോഷൻ നേടിയത്. പുറമേ സ്പെയിനിന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കാനും ഗാവിക്ക് കഴിഞ്ഞു.നിലവിൽ സാവിക്ക് കീഴിലെ പ്രധാനപ്പെട്ട താരമാണ് ഗാവി.

താരതമ്യേനെ ചെറിയ റിലീസ് ക്ലോസാണ് ഗാവിക്കുള്ളത്.41 മില്യൺ പൗണ്ടാണ് താരത്തിന്റെ റിലീസ് ക്ലോസ് എന്നാണ് അറിയാൻ കഴിയുന്നത്. പക്ഷെ ഗാവി ബാഴ്‌സയിൽ തുടരുന്നതിന് തന്നെയാണ് മുൻഗണന നൽകുന്നത്.ഇപ്പോൾ തന്നെ മറ്റു ക്ലബ്ബുകളിലേക്ക് പോവേണ്ടതില്ലെന്നും പെഡ്രി, ഫാറ്റി എന്നിവർക്കൊപ്പം കളിച്ചു കൊണ്ട് ബാഴ്‌സയിൽ തുടരാനുമാണ് താരത്തിന്റെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *