ബാഴ്സലോണയിൽ അടിയന്തര സർജറി,പെപ് അടുത്ത രണ്ട് മത്സരങ്ങൾക്ക് ഉണ്ടാവില്ല!
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിക്കാൻ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യ മത്സരത്തിൽ ബേൺലിയെയാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. രണ്ടാമത്തെ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിന് ഏകപക്ഷീയമായ ഒരു ഗോളിന് സിറ്റി പരാജയപ്പെടുത്തി. ഇനി അടുത്ത രണ്ട് മത്സരങ്ങളിൽ ഷെഫീൽഡ് യുണൈറ്റഡ്,ഫുൾഹാം എന്നിവരാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ.
എന്നാൽ ഈ മത്സരങ്ങളിൽ സിറ്റിയെ പരിശീലിപ്പിക്കാൻ പരിശീലകനായ പെപ് ഗാർഡിയോള ഉണ്ടാവില്ല. അദ്ദേഹം ഇപ്പോൾ തന്റെ നഗരമായ ബാഴ്സലോണയിലേക്ക് പോവുകയാണ്.ഈ പരിശീലകന് ഒരു അടിയന്തര സർജറി ഇപ്പോൾ ആവശ്യമാണ്. കഴിഞ്ഞ കുറെ കാലമായി പുറംവേദന പെപ് ഗാർഡിയോളയെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം റൂട്ടീൻ സർജറിക്ക് വിധേയനാവുകയാണ്.
Pep Guardiola will be absent from Manchester City's next two Premier League games 📅 pic.twitter.com/WwzOS4mcBL
— Sky Sports Premier League (@SkySportsPL) August 22, 2023
അടുത്തമാസം ഇന്റർനാഷണൽ മത്സരങ്ങൾ നടക്കുന്നുണ്ട്. ആ ബ്രേക്കിന് ശേഷമാണ് ഇദ്ദേഹം ഇനി ക്ലബ്ബിനൊപ്പം ചേരുക. അതുവരെ പെപ്പിന്റെ അസിസ്റ്റന്റ് പരിശീലകനായ യുവാൻമാ ലില്ലോയായിരിക്കും ടീമിനെ പരിശീലിപ്പിക്കുക. മാഞ്ചസ്റ്റർ സിറ്റി തന്നെ ഇക്കാര്യം ഒഫീഷ്യലായി കൊണ്ട് അറിയിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം വെസ്റ്റ്ഹാം യുണൈറ്റഡ്നെയാണ് മാഞ്ചസ്റ്റർ സിറ്റി നേരിടുക. ആ മത്സരത്തിന് കോച്ച് തിരിച്ചെത്തും എന്നാണ് ക്ലബ്ബ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സീസണിൽ പെപ്പിന് കീഴിൽ 3 കിരീടങ്ങൾ സിറ്റി സ്വന്തമാക്കിയിരുന്നു. ചാമ്പ്യൻസ് ലീഗ്,പ്രീമിയർ ലീഗ്,FA കപ്പ് എന്നിവയായിരുന്നു ആ കിരീടങ്ങൾ. എന്നാൽ ഈ സീസണിൽ കമ്മ്യൂണിറ്റി ഷിൽഡിൽ നടന്ന ഫൈനൽ മത്സരത്തിൽ ആഴ്സണലിനോട് സിറ്റി പരാജയപ്പെടുകയായിരുന്നു. എന്നിരുന്നാലും സെവിയ്യയെ പരാജയപ്പെടുത്തിക്കൊണ്ട് യുവേഫ സൂപ്പർ കപ്പ് നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.