ബാഴ്സ,റയൽ,പെപ്, ഇസ്കോ. ഫുട്ബോൾ ലോകത്ത് നിന്ന് കാരുണ്യം വർഷിക്കുന്നു

കൊറോണ വൈറസിന്റെ പിടിയിൽ പ്രതിസന്ധിയിലായ ലോകത്തിന് തങ്ങളാലാവുന്ന വിധം സഹായങ്ങൾ ചെയ്തു ഫുട്ബോൾ ലോകം. ഇന്നലെ സൂപ്പർ താരങ്ങളായ മെസ്സിക്കും ക്രിസ്റ്റ്യാനോക്കും പിന്നാലെ ഒട്ടേറെ താരങ്ങളും ക്ലബുകളുമാണ് സഹായങ്ങൾ തങ്ങളുടെ രാജ്യത്തിന് വാഗ്ദാനം ചെയ്തത്. റയൽ മാഡ്രിഡ്‌ ഭീമമായ തുക സംഭാവന നൽകിയതായി മാർക്ക റിപ്പോർട്ട്‌ ചെയ്യുന്നു. അവിടുത്തെ റീജിയൺ പ്രസിഡന്റ്‌ ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൂടാതെ ബാഴ്സലോണയും കറ്റാലൻ ഗവൺമെന്റിന് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. താരങ്ങളുടെ സാലറി ഒഴിവാക്കി ആ തുക സംഭാവന നൽകാൻ ബാഴ്സ ആലോചിക്കുന്നുണ്ട്. ഇത് കൂടാതെ ബാഴ്സക്കൊപ്പമുള്ള മെഡിക്കൽ സ്റ്റാഫുകളെ ഗവണ്മെന്റിന് കൈമാറുമെന്നും ബാഴ്സ അറിയിച്ചിട്ടുണ്ട്.

അതേ സമയം റയൽ മാഡ്രിഡ്‌ താരമായ ഇസ്കോയും കാമുകിയായ സാറ സലാമോയും ധനസമാഹരണത്തിനായി ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. രണ്ട് പേരും എല്ലാവരോടും തങ്ങളലാവുംവിധം സഹായിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള ഒരു മില്യൺ യുറോയാണ് സംഭാവന ചെയ്തത്. ബാഴ്സലോണയിലെ മെഡിക്കൽ കോളേജിനാണ് പെപ് ഈ തുക കൈമാറിയത്. മെഡിക്കൽ കോളേജ് അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മരുന്നുകളും ആവിശ്യമായ ചികിത്സക്കുള്ള ഉപകരണങ്ങളും വാങ്ങാനാണ് ഈ തുക ഉപയോഗിക്കുകയെന്നും അവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *