ബാഴ്സയിൽ നിന്നും ഓഫർ വന്നു,കൂട്ടീഞ്ഞോയും മാൽക്കമും നിരസിക്കാൻ സഹായകമായെന്ന് റിച്ചാർലീസൺ

ബാഴ്സയിൽ നിന്നും തനിക്ക് ഓഫർ വന്നെന്നും എന്നാൽ താൻ തന്നെ അത് നിരസിച്ചതെന്നും വെളിപ്പെടുത്തി എവെർട്ടണിന്റെ ബ്രസീലിയൻ സൂപ്പർ താരം റിച്ചാർലീസൺ. കഴിഞ്ഞ ദിവസം കനാൽ പിൽഹാഡോക്ക് നൽകിയ അഭിമുഖത്തിലാണ് താരം തനിക്ക് ബാഴ്‌സയിൽ നിന്ന് ഓഫർ വന്നതായി വെളിപ്പെടുത്തിയത്. ബ്രസീലിയൻ താരങ്ങളായ കൂട്ടീഞ്ഞോയുടെയും മാൽകമിന്റെയും അവസ്ഥകൾ കണ്ട് അത് നിരസിക്കാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്നും അത് ശരിയായ തീരുമാനമായിരുന്നുവെന്നും റിച്ചാർലീസൺ കൂട്ടിച്ചേർത്തു. 2018-യിൽ താരം നാല്പത് മില്യൺ പൗണ്ടിനായിരുന്നു എവെർട്ടണിൽ എത്തിയത്. ഈ സീസണിൽ പതിമൂന്ന് ഗോളുകൾ താരം അടിച്ചു കൂട്ടിയിരുന്നു. ബാഴ്സ കൂടാതെ മാഞ്ചസ്റ്റെർ യുണൈറ്റഡിൽ നിന്നും ഓഫർ വന്നിരുന്നുവെന്നും അതും നിരസിച്ചുവെന്നും താരം അറിയിച്ചു.

“ആ സമയത്ത് ലൂയിസ് സുവാരസിന് പരിക്കായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. അവർക്ക് ഒരു സ്‌ട്രൈക്കറെ ആവിശ്യമുണ്ടായിരുന്നു.ലീഗിന്റെ മധ്യഭാഗത്ത് അതായത് ജനുവരിയിലായിരുന്നു അത്. എവെർട്ടണിൽ കാര്യങ്ങൾ കൂടുതൽ നല്ല രീതിയിൽ പോവുന്ന സമയമായിരുന്നു അത്. പക്ഷെ ബാഴ്സയുടെ ഓഫർ സ്വീകരിക്കാൻ ഞാൻ തുനിഞ്ഞില്ല. എന്തെന്നാൽ ഒട്ടേറെ ബ്രസീൽ താരങ്ങൾ ബാഴ്സയിൽ പോയി താളം കണ്ടെത്താൻ വിഷമിക്കുന്നത് ഞാൻ കണ്ടിരുന്നു. കൂട്ടീഞ്ഞോയും മാൽക്കമും അത്തരത്തിലുള്ള താരങ്ങളായിരുന്നു. മാൽക്കം ബാഴ്സക്ക് വേണ്ടി വളരെ കുറച്ചു മത്സരങ്ങൾ കളിച്ച ശേഷം സെനിതിലേക്ക് പോവുന്നത് ഞാൻ കണ്ടു. കൂട്ടീഞ്ഞോ ബയേണിലേക്കും കൂടുമാറി. ഞങ്ങൾ എല്ലാവരും തന്നെ ബ്രസീൽ ടീമിൽ മികച്ച പ്രകടനം നടത്തുന്നവർ ആയിരുന്നു. തീർച്ചയായും ഒരു ക്ലബിലേക്ക് പെട്ടന്ന് മാറുമ്പോൾ ഇണങ്ങിചേരാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും ഫലമായി ബെഞ്ചിലാവുകയും ചെയ്യും. അതിനാൽ തന്നെ ബാഴ്സയുടെ ഓഫർ നിരസിച്ചത് ശരിയായ തീരുമാനമായിരുന്നു ” റിച്ചാർലീസൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *