ഫിഫ ബെസ്റ്റ് പുരസ്‌കാരത്തിന് മെസ്സിയെക്കാൾ അർഹൻ മാനെയായിരുന്നുവെന്ന് മുൻ ഫ്രഞ്ച് താരം

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിന് ഫിഫ നൽകുന്ന ഫിഫ ബെസ്റ്റ് മെൻസ് പ്ലയെർ അവാർഡ് നേടിയിരുന്നത് സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു. വാൻ ഡൈക്ക്,സലാഹ്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെയെല്ലാം പിന്തള്ളി കൊണ്ടായിരുന്നു മെസ്സി പുരസ്‌കാരം നേടിയത്. എന്നാലിപ്പോഴിതാ മെസ്സിയെക്കാളും മറ്റാരേക്കാളും ആ പുരസ്‌കാരത്തിനർഹൻ സാഡിയോ മാനേയാണ് എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഫ്രഞ്ച്താരവും മുൻ സെനഗൽ പരിശീലകനുമായിരുന്ന അലൈൻ ഗിറസ്സ്.കഴിഞ്ഞ ദിവസം ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. താൻ തിരഞ്ഞെടുക്കുകയാണെങ്കിൽ തീർച്ചയായും മെസ്സിക്ക് മുകളിൽ മാനെയെയായിരിക്കും തിരഞ്ഞെടുക്കുക എന്നും കഴിഞ്ഞ സീസണിലെ പ്രകടനം അടിസ്ഥാനമാക്കിയാൽ മെസ്സിയെക്കാൾ പുരസ്‌കാരത്തിന് അർഹൻ മാനെയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.കഴിഞ്ഞ തവണ അഞ്ചാം സ്ഥാനത്തായിരുന്നു മാനേക്ക് ഫിനിഷ് ചെയ്യാൻ കഴിഞ്ഞത്. ലയണൽ മെസ്സി, വിർജിൽ വാൻ ഡൈക്ക്, മുഹമ്മദ്‌ സലാഹ്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരായിരുന്നു താരത്തിന് മുൻപിൽ.

” തീർച്ചയായും ഞാൻ മെസ്സിക്ക് മുകളിൽ മാനെയെ ആയിരിക്കും തിരഞ്ഞെടുക്കുക. അത് കഴിഞ്ഞ സീസണിലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ” അദ്ദേഹം പറഞ്ഞു. ” താൻ സെനഗൽ പരിശീലകനായിരുന്ന സമയത്ത് മാനെ ഒരു യുവതാരമായിരുന്നു. എല്ലാ മേഖലയിലും പ്രതിഭയുള്ള ഒരു താരമായിരുന്നു അന്നേ അദ്ദേഹം. ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. ഇന്ന് അദ്ദേഹം ആയിതീർന്നിരിക്കുന്നു ” അദ്ദേഹം കൂട്ടിച്ചേർത്തു. 1980 കളിൽ മൂന്ന് തവണ ഫ്രഞ്ച് പ്ലയെർ ഓഫ് ദി ഇയർ നേടിയ താരമാണ് ഗിറസ്സ്. 2013-2015 കാലഘട്ടത്തിൽ സെനഗൽ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന ഇദ്ദേഹം മാനെയെ പരിശീലിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *