പൗലോ ഡിബാല പ്രീമിയർ ലീഗിലേക്കോ? വമ്പന്മാർക്ക് വേണം.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല ഫ്രീ ഏജന്റായി കൊണ്ട് യുവന്റസ് വിട്ടത്. മറ്റൊരു ഇറ്റാലിയൻ ക്ലബ്ബായ AS റോമയായിരുന്നു ഈ സൂപ്പർതാരത്തെ സ്വന്തമാക്കിയത്. റോമക്ക് വേണ്ടി ഈ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ ഡിബാലക്ക് സാധിച്ചിരുന്നു.യുവേഫ യൂറോപ ലീഗിൽ റോമയെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ ഡിബാലക്ക് സാധിച്ചിരുന്നു.
റോമ വിടുക എന്നത് ഡിബാലയെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു കാര്യമാണ്. കാരണം താരത്തിന്റെ റിലീസ് ക്ലോസ് ആയി കൊണ്ട് നിശ്ചയിച്ചിരിക്കുന്നത് കേവലം 12 മില്യൻ യൂറോയാണ്. അതായത് ഡിബാല ഏതെങ്കിലും ക്ലബ്ബിലേക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ ക്ലബ്ബിന് 12 മില്യൺ യൂറോ നൽകിക്കൊണ്ട് ദിബാലയെ സ്വന്തമാക്കാൻ സാധിക്കും. നേരത്തെ ചില ക്ലബ്ബുകൾ ഈ സൂപ്പർതാരത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
ഇപ്പോഴിതാ ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിക്ക് ഈ അർജന്റീനക്കാരനിൽ താല്പര്യമുണ്ട്. അടുത്ത സീസണിൽ ചെൽസിയെ പരിശീലിപ്പിക്കുക അർജന്റൈൻ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോയാണ്. ഈ പരിശീലകനാണ് ഇപ്പോൾ ദിബാലയെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.ഫിഷാജസിനെ ഉദ്ധരിച്ചുകൊണ്ട് ഗോൾ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Paulo Dybala could be set for a move to the Premier League 🗞
— GOAL News (@GoalNews) May 18, 2023
ഡിബാലയെ ചെൽസിയിലേക്ക് വരാൻ താല്പര്യപ്പെടുന്നുണ്ടോ എന്നത് മറ്റൊരു ചോദ്യമാണ്. ഏതായാലും താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് ഈ പ്രീമിയർ ലീഗ് ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഗുണകരമായ ഒരു കാര്യമായിരിക്കും. ഈ സീസണിൽ ഇറ്റാലിയൻ ലീഗിൽ 24 മത്സരങ്ങൾ കളിച്ച താരം 11 ഗോളുകളും ആറ് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അർജന്റീന ദേശീയ ടീമിനോടൊപ്പം ഇത്തവണത്തെ വേൾഡ് കപ്പ് കിരീടം നേടാനും ഡിബാലക്ക് സാധിച്ചിരുന്നു.