പ്രീമിയർ ലീഗ് കിരീടം നേടുന്നത് ചാമ്പ്യൻസ് ലീഗ് നേടുന്നതിന് തുല്യം :പെപ് ഗാർഡിയോള

മാഞ്ചസ്റ്റർ സിറ്റിക്ക് നിരവധി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടങ്ങൾ നേടിക്കൊടുക്കാൻ കഴിഞ്ഞിട്ടുള്ള പരിശീലകനാണ് പെപ് ഗാർഡിയോള. എന്നാൽ ഒരൊറ്റ ചാമ്പ്യൻസ് ലീഗ് കിരീടം പോലും മാഞ്ചസ്റ്റർ സിറ്റിക്ക് ലഭിച്ചിട്ടില്ല. ഇത്തവണ അതിന് അറുതി വരുത്താൻ സാധിക്കുമോ എന്നുള്ളത് ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഏറെ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ടീമാണ് മാഞ്ചസ്റ്റർ സിറ്റി.

ഇതേക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടുന്നത് ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിന് തുല്യമാണ് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. അത്രയേറെ ശ്രദ്ധ നൽകേണ്ട ഒന്നാണ് പ്രീമിയർ ലീഗെന്നം ഇദ്ദേഹം കൂട്ടിച്ചേർത്തു. മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” നിങ്ങൾ പത്തോ പതിനഞ്ചോ പോയിന്റുകൾക്ക് പുറകിൽ ആണെങ്കിൽ നിങ്ങൾക്ക് ചാമ്പ്യൻസ് ലീഗിന് മുൻഗണന നൽകാൻ സാധിക്കും.ഇവിടെ ഞങ്ങൾക്ക് ഒന്നിനും മുൻഗണന നൽകാനുള്ള സമയമില്ല.രണ്ടും ഒരുപോലെയാണ്. ഇപ്പോൾ പ്രീമിയർ ലീഗ് കിരീടം നേടുക എന്നുള്ളത് ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിന് തുല്യമാണ്. നിങ്ങൾക്ക് ചാമ്പ്യൻസ് ലീഗ് കിരീടം ലഭിക്കാത്തത് കൊണ്ടാണോ ഇങ്ങനെ പറയുന്നത് എന്നുള്ളത് ആളുകൾ ചോദിച്ചേക്കാം.പക്ഷേ പ്രീമിയർ ലീഗ് പ്രീമിയർ ലീഗ് തന്നെയാണ്. 11 മാസത്തോളം നിരന്തരം ശ്രമിച്ചാൽ മാത്രമേ ഈ കിരീടം ലഭിക്കുകയുള്ളൂ.എല്ലാ സമയത്തും നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. ഞങ്ങൾക്ക് ഇനി പ്രീമിയർ ലീഗിൽ 7 പ്രധാനപ്പെട്ട മത്സരങ്ങൾ ഉണ്ട്. അതിനിടെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും കളിക്കേണ്ടതുണ്ട് ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ റയൽ മാഡ്രിഡ് ആണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. അതേസമയം എഫ്എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് സിറ്റി നേരിടുക. പ്രീമിയർ ലീഗിൽ ആഴ്സണലും സിറ്റിയും തമ്മിലാണ് കിരീട പോരാട്ടം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *