പ്രീമിയർ ലീഗിനും ലാലിഗക്കും പുറമേ സിരി എയും കീഴടക്കി, ക്രിസ്റ്റ്യാനോയുടേത് അത്ഭുതപ്പെടുത്തുന്ന കണക്കുകൾ!

ഈ സിരി എ സീസണിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരനുള്ള പുരസ്‌കാരം ക്രിസ്റ്റ്യാനോ സ്വന്തമാക്കി.29 ഗോളുകൾ നേടിക്കൊണ്ടാണ് 36-കാരനായ റൊണാൾഡോ ടോപ് സ്‌കോറർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. സിരി എയിലെ റൊണാൾഡോയുടെ മൂന്നാം സീസണാണ് ഇതെങ്കിലും ആദ്യമായാണ് ടോപ് സ്‌കോറർ പട്ടം നേടുന്നത്. ഇതോടെ പ്രീമിയർ ലീഗിലും ലാലിഗയിലും സിരി എയിലും ടോപ് സ്കോററാവുന്ന ചരിത്രത്തിലെ ആദ്യതാരമാവാൻ റൊണാൾഡോക്ക് കഴിഞ്ഞു.

2018/19 സീസണിൽ 21ഗോളുകൾ നേടിയ താരം ഫാബിയോക്ക് പിറകിലാവുകയായിരുന്നു. അടുത്ത സീസണിൽ റൊണാൾഡോ 31 ഗോളുകൾ നേടിയെങ്കിലും സിറോ ഇമ്മോബിലെക്ക് പിറകിലാവുകയായിരുന്നു. എന്നാൽ ഇത്തവണ റൊണാൾഡോ അത്‌ നേടിയെടുക്കുകയായിരുന്നു. ആകെ 97 സിരി എ മത്സരങ്ങളിൽ നിന്ന് 87 ഗോളുകൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.

2007/08 സീസണിൽ പ്രീമിയർ ലീഗിലെ ടോപ് സ്കോററാവാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടുണ്ട്.അന്ന് 31 പ്രീമിയർ ലീഗ് ഗോളുകൾ നേടിയ താരം ബാലൺ ഡിയോറും കരസ്ഥമാക്കിയിരുന്നു.യുണൈറ്റഡിന് വേണ്ടി ആകെ 118 ഗോളുകൾ നേടിയ ശേഷമാണ് അദ്ദേഹം റയലിൽ എത്തുന്നത്.

പിന്നീട് ലാലിഗയിലെ പിച്ചിച്ചി ട്രോഫി റൊണാൾഡോ മൂന്നു തവണ കരസ്ഥമാക്കി.2010/11 സീസണിൽ 40 ഗോളുകൾ നേടികൊണ്ടാണ് റൊണാൾഡോ ആദ്യ പിച്ചിച്ചി സ്വന്തമാക്കിയത്.2013/14 സീസണിൽ 31 ഗോളുകൾ നേടിക്കൊണ്ട് വീണ്ടും പിച്ചിച്ചി നേടി. ആ വർഷം തന്നെയാണ് ബാലൺ ഡിയോറും ചാമ്പ്യൻസ് ലീഗും താരം സ്വന്തമാക്കിയത്.തുടർന്ന് അടുത്ത സീസണിൽ 48 ഗോളുകളുമായി റൊണാൾഡോ വീണ്ടും പിച്ചിച്ചി നേടുകയായിരുന്നു.ഒടുവിൽ 2018-ൽ 450 ഗോളുകൾ ആകെ റയലിന് വേണ്ടി നേടികൊണ്ടാണ് റൊണാൾഡോ പടിയിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *