പ്രശ്നം സൃഷ്ടിച്ച് നുനസും പെപ്പും,പിടിച്ചുമാറ്റി ക്ലോപ്, രണ്ടുപേരെയും ഇഷ്ടപ്പെടുന്നുണ്ടെന്ന് പരിശീലകൻ!

ഇന്നലെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തമ്മിൽ സമനിലയിൽ പിരിയുകയായിരുന്നു.സിറ്റിയുടെ മൈതാനമായ ഇതിഹാദിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്.ഏർലിംഗ് ഹാലന്റ് ആദ്യപകുതിയിൽ മാഞ്ചസ്റ്റർ സിറ്റി മുന്നിൽ എത്തിച്ചിരുന്നു. എന്നാൽ രണ്ടാം പകുതിയുടെ അവസാനത്തിൽ അലക്സാണ്ടർ അർനോൾഡ് നേടിയ ഗോൾ ലിവർപൂളിന് സമനില നേടിക്കൊടുക്കുകയായിരുന്നു.

ഈ മത്സരത്തിനു ശേഷം സിറ്റി പരിശീലകനായ പെപ് ഗാർഡിയോളയും ലിവർപൂൾ സൂപ്പർതാരമായ ഡാർവിൻ ന്യൂനസും കൊമ്പ് കോർത്തിട്ടുണ്ട്. ഷേക്ക് ഹാൻഡ് നൽകാൻ വരുന്ന പെപ്പിനെ നുനസ് പ്രകോപിപ്പിക്കുകയായിരുന്നു.ഇതിനെ തുടർന്ന് വാക്ക് തർക്കം അരങ്ങേറി. ലിവർപൂൾ പരിശീലകനായ ക്ലോപ്പ് ഇടപെട്ട് നുനസിനെ പിടിച്ചു മാറ്റുകയായിരുന്നു.ഈ ഇടപെടലിൽ ഇപ്പോൾ ക്ലോപ്പ് തന്നെ വിശദീകരണം നൽകിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ അവർ രണ്ടുപേരെയും ഇഷ്ടപ്പെടുന്നുണ്ട്.അതുകൊണ്ടാണ് പ്രശ്നങ്ങൾ ശാന്തമാക്കാൻ ശ്രമിച്ചത്. പക്ഷേ ഞാൻ ആ പ്രശ്നത്തിന്റെ ഭാഗമായിരുന്നില്ല.എന്താണ് സംഭവിച്ചത് എന്നത് 100% എനിക്കറിയില്ല,അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് സംസാരിക്കാൻ എനിക്ക് സാധിക്കില്ല. കാരണം അവർ തമ്മിൽ പറഞ്ഞത് എന്താണ് എന്നത് എനിക്ക് വ്യക്തമായിട്ടില്ല “ക്ലോപ് പറഞ്ഞു.

അർനോൾഡ് നേടിയ ഗോൾ തനിക്ക് ഇഷ്ടപ്പെട്ടില്ലേ എന്ന് നുനസ് പെപ്പിനോട് ചോദിച്ചു എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനെ തുടർന്നാണ് വാക്ക് തർക്കങ്ങൾ ഉണ്ടായിട്ടുള്ളത്. ഏതായാലും പ്രീമിയർ ലീഗ് രണ്ട് ടീമുകളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്.നിലവിൽ മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്തും ലിവർപൂൾ മൂന്നാം സ്ഥാനത്തുമാണ്. ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ഇവർക്കിടയിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *