പ്രതിരോധനിരയിലെ പ്രശ്നങ്ങൾ തീർക്കാൻ പെപ് പൊടിപൊടിച്ചത് 450 മില്യൺ യുറോ !

പെപ് ഗ്വാർഡിയോള സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹത്തെ ഏറ്റവും കൂടുതൽ അലട്ടുന്നത് പ്രതിരോധനിരയിലെ പ്രശ്നങ്ങളാണ്. ഒരു ചാമ്പ്യൻസ് ലീഗ് സ്വപ്നം കണ്ടുകൊണ്ട് നിരവധി താരങ്ങളെ പണമെറിഞ്ഞു കൊണ്ട് പെപ്പും സിറ്റിയും ടീമിൽ എത്തിച്ചിരുന്നു. എന്നാൽ ഇത്രയേറെ പണം വാരിയെറിഞ്ഞിട്ടും വലിയ തോതിലുള്ള ഉപകാരങ്ങൾ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിൽ ലഭിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. ഇപ്പോഴിതാ ഈ സീസണിലും നൂറ് മില്യണിന് മുകളിൽ പ്രതിരോധനിരക്കായി പെപ് മുടക്കിയിട്ടുണ്ട്. ഈ ട്രാൻസ്ഫർ ജാലകത്തിൽ രണ്ട് താരങ്ങളെയാണ് സിറ്റി ഡിഫൻസിലേക്ക് എത്തിച്ചത് ബേൺമൗത്തിന്റെ നഥാൻ എയ്ക്, ബെൻഫിക്കയുടെ റൂബൻ ഡയസ് എന്നിവരെയാണ് സിറ്റി പുതുതായി ടീമിൽ എത്തിച്ചത്. ഇതിൽ നഥാനിന് വേണ്ടി 45.3 മില്യൺ യുറോയും റൂബൻ ഡയസിന് വേണ്ടി 68 മില്യൺ യുറോയുമാണ് സിറ്റി ചിലവാക്കിയത്.കൂടാതെ ആറു മില്യൺ യുറോക്ക് യാൻ കൂട്ടോയെയും സിറ്റി ക്ലബ്ബിൽ എത്തിച്ചു.

പെപ് ക്ലബ്ബിൽ എത്തിയ ശേഷം 450 മില്യൺ യുറോയാണ് സിറ്റി പ്രതിരോധനിരക്ക് മാത്രമായി ചിലവഴിച്ചത്. അദ്ദേഹത്തിന്റെ ഫസ്റ്റ് സീസണിൽ ജോൺ സ്റ്റോണസിനെ ടീമിൽ എത്തിക്കാൻ വേണ്ടി 55.6 മില്യൺ യുറോ ചിലവഴിച്ചിരുന്നു. കൂടാതെ ഒലെക്സാണ്ടർ സിൻചെങ്കോക്ക് വേണ്ടി 2 മില്യൺ യുറോയും സിറ്റി ചിലവാക്കി. 2017/18 സീസണിലാണ് സിറ്റി പണം ട്രാൻസ്ഫർ മാർക്കറ്റിൽ ഒഴുക്കിയത്. 205 മില്യൺ യുറോയാണ് പ്രതിരോധനിരക്ക് മാത്രമായി പെപ് പൊടിപൊടിച്ചത്. സെന്റർ ബാക്ക് അയ്മറിക്ക് ലപോർട്ടക്ക് വേണ്ടി 65 മില്യൺ യുറോയും ലെഫ്റ്റ് ബാക്ക് ബെഞ്ചമിൻ മെന്റിക്ക് വേണ്ടി 57.5 മില്യൺ യുറോയും റൈറ്റ് ബാക്കുമാരായ കെയ്ൽ വാക്കർക്ക് വേണ്ടി 52.7 മില്യൺ യുറോയും ഡാനിലോക്ക് വേണ്ടി 30 മില്യൺ യുറോയും ചിലവാക്കി. കൂടാതെ ഗോൾകീപ്പർമാർക്ക് വേണ്ടിയും പെപ് പണം ചിലവഴിച്ചിട്ടുണ്ട്. എടേഴ്സണ് വേണ്ടി 40 മില്യൺ യുറോയും ക്ലോഡിയോ ബ്രാവോക്ക് വേണ്ടി 18 മില്യൺ യുറോയും സിറ്റി ചിലവാക്കി. ഇത്രയേറെ പണം ചിലവഴിച്ചിട്ടും ചാമ്പ്യൻസ് ലീഗ് എന്നത് സ്വപ്നമായി അവശേഷിക്കുന്നു എന്നുള്ളതാണ് ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *