പോച്ചെട്ടിനോയെ യുണൈറ്റഡിന് കൈമാറുന്നത് പരിഗണിക്കാൻ പിഎസ്ജി!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായിരുന്ന സോൾഷെയറുടെ സ്ഥാനം തെറിച്ചതോടെ നിലവിൽ മൈക്കൽ കാരിക്കാണ് താൽകാലികമായി യുണൈറ്റഡിനെ പരിശീലിപ്പിക്കുന്നത്. ഇനി റാൾഫ് റാൻഗ്നിക്കിനെ പരിശീലകനായി നിയമിക്കാനുള്ള ഒരുക്കത്തിലാണ് യുണൈറ്റഡ്. പക്ഷെ റാൾഫിനെ ഒരു സ്ഥിരം പരിശീലകനാക്കാൻ യുണൈറ്റഡിന് പദ്ധതിയില്ല. മറിച്ച് ഈ സീസണിന്റെ അവസാനം വരെയുള്ള ഒരു ഇടക്കാല പരിശീലകൻ എന്ന നിലയിലാണ് യുണൈറ്റഡ് റാൾഫിനെ കണ്ട് വെച്ചിരിക്കുന്നത്.

ഈ സീസണിന്റെ ശേഷം ഒരു സ്ഥിരം പരിശീലകനെ നിയമിക്കാനാണ് യുണൈറ്റഡിന്റെ പദ്ധതി. ഈ സ്ഥാനത്തേക്ക് അവർ പരിഗണിക്കുന്നത് മൗറിസിയോ പോച്ചെട്ടിനോയെയാണ്. അതേസമയം പിഎസ്ജിയാവട്ടെ നിലവിൽ പോച്ചെട്ടിനോയെ കൈവിടാൻ ആഗ്രഹിക്കുന്നില്ല. മറിച്ച് ഈ സീസണിന് ശേഷം പോച്ചെയെ കൈവിടുന്ന കാര്യം പിഎസ്ജി പരിഗണിക്കുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

എന്നാൽ ഇരു ക്ലബുകളും പരസ്പരം ഒഫീഷ്യൽ ആയി ഇക്കാര്യം ഇതുവരെ സംസാരിച്ചിട്ടില്ലെന്നും ഗോൾ സ്ഥിരീകരിക്കുന്നുണ്ട്. പോച്ചെട്ടിനോക്ക്‌ പ്രീമിയർ ലീഗിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ട് എന്ന കാര്യവും ഇവർ കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഈയൊരു അവസരത്തിൽ പോച്ചെയെ പിഎസ്ജി കൈവിടില്ല.അതേസമയം പിഎസ്ജിയിൽ താൻ ഹാപ്പിയാണ് എന്നുള്ള കാര്യം പോച്ചെട്ടിനോ വീണ്ടും ആവർത്തിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *