പൊട്ടിപ്പാളീസായി,അവസാന സ്ഥാനത്ത്,നാണക്കേടിന്റെ അങ്ങേയറ്റം കണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്!

മാഞ്ചസ്റ്റർ യുണൈറ്റഡിന് കഷ്ടകാലമല്ല, കഷ്ടകാലത്തിന്റെ അങ്ങേയറ്റമാണ്. പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിന് പിന്നാലെ രണ്ടാമത്തെ മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിട്ടുണ്ട്. ഇത്തവണ നാണംകെട്ട തോൽവിയാണ് യുണൈറ്റഡിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്. അത്ര ശക്തരല്ലാത്ത ബ്രെന്റ്ഫോർഡ് എതിരില്ലാത്ത നാല് ഗോളുകൾക്കാണ് യുണൈറ്റഡിനെ തകർത്തറിഞ്ഞത്.

ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പോയിന്റ് ടേബിളിലെ അവസാന സ്ഥാനക്കാരാണ്. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരൊറ്റ പോയിന്റ് പോലും നേടാൻ ടെൻ ഹാഗിന്റെ സംഘത്തിന് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ മത്സരത്തിൽ നിന്നും വ്യത്യസ്തമായി സൂപ്പർതാരം റൊണാൾഡോ ആദ്യ ഇലവനിൽ ഇടം നേടിയിരുന്നു. പക്ഷേ കാര്യങ്ങൾ യുണൈറ്റഡ് കരുതിയ പോലെയല്ല നടന്നത്. ഗോൾകീപ്പറാ യ ഡിഹിയയും പ്രതിരോധ നിര താരങ്ങളുമൊക്കെ അമ്പേ പരാജയപ്പെടുകയായിരുന്നു. വലിയ വലിയ അബദ്ധങ്ങൾ ഇവർ വരുത്തി വെച്ചതോടെ 35 മിനിറ്റ് പിന്നിടുമ്പോഴേക്കും 4 എണ്ണം പറഞ്ഞ ഗോളുകൾ യുണൈറ്റഡ് വലയിൽ കയറിയിരുന്നു.

ഡാസിൽവ,യെൻസൻ,ബെൻ മീ,ബ്രയാൻ എന്നിവരാണ് ബ്രന്റ്ഫോർഡിന് വേണ്ടി ഗോളുകൾ നേടിയത്. പിന്നീട് രണ്ടാം പകുതിയിൽ നാല് മാറ്റങ്ങൾ വരുത്തിക്കൊണ്ട് കൂടുതൽ പരിക്കേൽക്കാതെ യുണൈറ്റഡ് പിടിച്ചുനിൽക്കുകയായിരുന്നു.

ഏതായാലും ദുർബലരോടൊറ്റ ഈ വലിയ തോൽവി ടെൻ ഹാഗിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇനി ലിവർപൂളിനെയാണ് നേരിടാനുള്ളത് എന്നത് യുണൈറ്റഡിന്റെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *