പെപ് ഭയക്കണം, ആധിപത്യം ടുഷെലിന് തന്നെ!
ഇന്ന് പ്രീമിയർ ലീഗിൽ നടക്കുന്ന 22-ആം റൗണ്ട് പോരാട്ടത്തിൽ കരുത്തർ തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ രണ്ടാം സ്ഥാനക്കാരായ ചെൽസിയാണ്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം ആറ് മണിക്ക് സിറ്റിയുടെ മൈതാനമായ ഇത്തിഹാദിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
സിറ്റിയെ സംബന്ധിച്ചിടത്തോളം ഈ സീസണിൽ അവർ മിന്നും ഫോമിലാണെങ്കിലും ചെൽസിയെ നേരിടുമ്പോൾ പരിശീലകനായ പെപ് ഗ്വാർഡിയോളക്ക് ചെറിയ ആശങ്കകളുണ്ട്. എന്തെന്നാൽ പലപ്പോഴും തന്റെ മേൽ ആധിപത്യം പുലർത്തിയിട്ടുള്ള പരിശീലകനാണ് തോമസ് ടുഷേൽ. ഇതുവരെ നാല് തവണയാണ് ടുഷേലിന്റെ ചെൽസിയെ പെപ് ഗ്വാർഡിയോള നേരിട്ടിട്ടുള്ളത്.അതിൽ മൂന്നു തവണയും മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുകയായിരുന്നു.
— Murshid Ramankulam (@Mohamme71783726) January 15, 2022
ചെൽസിയുടെ പരിശീലകനായി ടുഷേൽ വന്നതിന് ശേഷം എഫ്എ കപ്പ് സെമിയിലാണ് ആദ്യമായി ഇരുവരും ഏറ്റുമുട്ടിയത്.അന്ന് സിയെച്ചിന്റെ ഗോളിൽ ചെൽസി വിജയിക്കുകയായിരുന്നു.പിന്നീട് പ്രീമിയർ ലീഗിലാണ് ഇരുവരും ഏറ്റുമുട്ടിയത്. അന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ടുഷേൽ പെപ്പിന് മേൽ വിജയം നേടി.പിന്നീട് ചാമ്പ്യൻസ് ലീഗ് ഫൈനലിലാണ് ഇരുവരും ഏറ്റുമുട്ടിയത്.ഹാവെർട്സ് നേടിയ ഗോളിൽ സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് ചെൽസി കിരീടം ചൂടുകയായിരുന്നു. ഇതോടെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പെപ് ടുഷേലിന് മുന്നിൽ തലകുനിച്ചു.
എന്നാൽ ഈ സീസണിലെ കണക്ക് പെപിന് ആശ്വാസമാണ്.ആദ്യ മത്സരത്തിൽ ഗബ്രിയേൽ ജീസസ് നേടിയ ഗോളിൽ ചെൽസിയെ പരാജയപ്പെടുത്താൻ സിറ്റിക്ക് സാധിച്ചു. മാത്രമല്ല രണ്ടാം സ്ഥാനക്കാരായ ചെൽസിയെക്കാൾ നിലവിൽ 10 പോയിന്റിന്റെ ലീഡ് സിറ്റിക്കുണ്ട്. അതേസമയം കിരീടം പ്രതീക്ഷകൾ നിലനിർത്തണമെങ്കിൽ ചെൽസിക്ക് ഇന്ന് വിജയിച്ചേ മതിയാവൂ. അത്കൊണ്ട് തന്നെ ഒരു കടുത്ത പോരാട്ടമാണ് ആരാധകർ ഇന്ന് പ്രതീക്ഷിക്കുന്നത്.