പെപ് ഗാർഡിയോള ബാഴ്സയുടെ പരിശീലകനാവും:പീക്കെ

2008 മുതൽ 2012 വരെ നാലു വർഷക്കാലം ബാഴ്സലോണയെ പരിശീലിപ്പിച്ച പരിശീലകനാണ് പെപ് ഗാർഡിയോള. ബാഴ്സയുടെ സുവർണ്ണ കാലഘട്ടമായിരുന്നു അത്.യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഉൾപ്പെടെ നിരവധി കിരീടങ്ങൾ ആ കാലയളവിൽ ബാഴ്സലോണ സ്വന്തമാക്കിയിരുന്നു.പെപ് ഗാർഡിയോള പോയതിനുശേഷം ആ നിലവാരത്തിലുള്ള ഒരു പരിശീലകനെ പിന്നീട് ബാഴ്സലോണക്ക് ലഭിച്ചിട്ടില്ല.പെപ് ഗാർഡിയോള ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് അവരുടെ സുവർണ കാലഘട്ടം സമ്മാനിച്ചു കൊണ്ടിരിക്കുകയാണ്.

പെപ്പിന് കീഴിൽ ബാഴ്സക്ക് വേണ്ടി കളിച്ചിട്ടുള്ള ഇതിഹാസമാണ് ജെറാർഡ് പീക്കെ.അദ്ദേഹം ഇപ്പോൾ ഈ പരിശീലകനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.ഗാർഡിയോള ഭാവിയിൽ ബാഴ്സയുടെ പരിശീലകനായി കൊണ്ട് തിരിച്ചെത്തും എന്ന കാര്യം ഉറപ്പാണ് എന്നാണ് പീക്കെ പറഞ്ഞിട്ടുള്ളത്. ചാവിയുടെ പകരക്കാരായി കൊണ്ട് പെപ്,ആർടെറ്റ എന്നിവരിൽ ഒരാൾ വരണമെന്നും പീക്കെ പറഞ്ഞിട്ടുണ്ട്.ദി ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പീക്കെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ബാഴ്സയുടെ കളി ശൈലി വ്യക്തമായി അറിയുന്ന ഒരു പരിശീലകനായിരിക്കണം ബാഴ്സലോണയെ പരിശീലിപ്പിക്കാൻ വരേണ്ടത്.അതുകൊണ്ടുതന്നെ ഓപ്ഷനുകൾ കുറവാണ്.ഒന്ന് പെപ് ഗാർഡിയോളയാണ്.അദ്ദേഹം മുൻപ് ബാഴ്സയെ പരിശീലിപ്പിച്ചിട്ടുണ്ട്.നിലവിൽ ലോകത്തെ ഏറ്റവും മികച്ച പരിശീലകൻ അദ്ദേഹമാണ്. അതുപോലെതന്നെ മറ്റൊരു ഓപ്ഷൻ ആഴ്സണൽ പരിശീലകനായ ആർടെറ്റയാണ്. അദ്ദേഹവും മികച്ച ഒരു പരിശീലകനാണ്. ബാഴ്സലോണയെ അദ്ദേഹത്തിന് അറിയാം. മുമ്പ് അദ്ദേഹം ബാഴ്സക്കു വേണ്ടി കളിച്ചിട്ടുണ്ട്. ഞാൻ പെപ്പിനോട് ഇടയ്ക്കിടെ സംസാരിക്കാറുണ്ട്. തീർച്ചയായും അദ്ദേഹം ബാഴ്സലോണയുടെ പരിശീലകനാവാൻ ഇഷ്ടപ്പെടുന്നു എന്ന് എനിക്കുറപ്പാണ് ” ഇതാണ് പീക്കെ പറഞ്ഞിട്ടുള്ളത്.

ഈ സീസണിന് ശേഷം ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് താൻ ഉണ്ടാവില്ല എന്നുള്ള കാര്യം ചാവി തന്നെ പ്രഖ്യാപിച്ചിരുന്നു.അതുകൊണ്ടുതന്നെ ബാഴ്സക്ക് ഒരു പുതിയ പരിശീലകനെ ഇപ്പോൾ ആവശ്യമുണ്ട്.പെപിന് 2025 വരെ സിറ്റിയുമായി കോൺട്രാക്ട് ഉള്ളതുകൊണ്ട് അദ്ദേഹം അവിടെ തന്നെയാണ് തുടരുക.ആർടെറ്റ ബാഴ്സയുടെ പരിശീലകനാവും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അത് അദ്ദേഹം തന്നെ നിരസിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *