പെപ് ഈസ് ബാക്ക്..! ബാഴ്സലോണയിൽ നിന്നും തിരിച്ചെത്തി!
മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള ക്ലബ്ബിന്റെ അവസാന രണ്ട് മത്സരങ്ങളിലും പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നില്ല.യുവാൻമ ലില്ലോയായിരുന്നു പകരം പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നത്.ഫുൾഹാം, ഷെഫീൽഡ് യുണൈറ്റഡ് എന്നിവർക്കെതിരെയായിരുന്നു ആ രണ്ടു മത്സരങ്ങൾ. ആ രണ്ട് മത്സരങ്ങളിലും വിജയിച്ചു കൊണ്ട് ആറു പോയിന്റ് കരസ്ഥമാക്കാൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു.
പരിശീലകനായ പെപ് ഗാർഡിയോള അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയായിരുന്നു. ദീർഘകാലമായി പുറം വേദന അദ്ദേഹത്തെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ഉടൻ സർജറിക്ക് വിധേയനായി. അദ്ദേഹത്തിന്റെ ജന്മദേശമായ ബാഴ്സലോണയിൽ വെച്ചുകൊണ്ടായിരുന്നു ഈ സർജറി. ഇപ്പോൾ ഇതെല്ലാം വിജയകരമായി പൂർത്തിയാവുകയും പെപ് തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.
— Manchester City (@ManCity) September 13, 2023
പരിശീലകൻ ക്ലബ്ബിനോടൊപ്പം ചേർന്ന വിവരം സിറ്റി തന്നെയാണ് അറിയിച്ചിട്ടുള്ളത്. ഇന്റർനാഷണൽ ബ്രേക്കിന്റെ ഒരു ഇടവേള കൂടി പെപ്പിന് ലഭിച്ചത് സഹായകരമായി.ഏതായാലും അടുത്ത മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ. ആ മത്സരത്തിനു വേണ്ടി ടീമിനെ ഒരുക്കുകയാണ് ഇനി പെപ് ചെയ്യേണ്ടത്. ഇന്റർനാഷണൽ ബ്രേക്ക് പൂർത്തിയാക്കിക്കൊണ്ട് താരങ്ങൾ ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യുന്ന സമയമാണ് ഇത്.
സിറ്റി ഈ സീസണിലും തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്. ലീഗിൽ ആകെ കളിച്ച നാലു മത്സരങ്ങളിലും വിജയിച്ച സിറ്റി 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. 10 പോയിന്റ്കൾ നേടിയിട്ടുള്ള ടോട്ടൻഹാമാണ് രണ്ടാം സ്ഥാനത്ത് ഉള്ളത്. അവസാനമായി കളിച്ച മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു സിറ്റി വിജയിച്ചത്. സൂപ്പർ താരം ഹാലന്റിന്റെ ഹാട്രിക്കായിരുന്നു ഈയൊരു വിജയം ക്ലബ്ബിന് സമ്മാനിച്ചിരുന്നത്.