പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും, ആരാധകർക്ക് വാൻ ഡൈക്കിന്റെ സന്ദേശം !

കഴിഞ്ഞ ലിവർപൂൾ-എവെർട്ടൺ മത്സരത്തിലായിരുന്നു ലിവർപൂളിന്റെ പ്രതിരോധനിരയിലെ നിറസാന്നിധ്യം വാൻ ഡൈക്കിന് പരിക്കേറ്റിരുന്നത്.എവെർട്ടൺ ഗോൾകീപ്പർ പിക്ക്ഫോർഡുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്കേറ്റത്. വിശദമായ പരിശോധനയിൽ താരത്തിന്റെ കാൽമുട്ടിന് ലിഗ്മെന്റ് ഇഞ്ചുറി വന്നിട്ടുണ്ടെന്ന് ലിവർപൂൾ സ്ഥിരീകരിക്കുകയായിരുന്നു. കൂടാതെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത് താരത്തിന് സീസൺ വരെ നഷ്ടമായേക്കാം എന്നാണ്. ഏതായാലും പരിക്ക് സ്ഥിരീകരിച്ചതിന് ശേഷം ആരാധകർക്കും ഫുട്ബോൾ പ്രേമികൾക്കും ആശ്വാസം പകരുന്ന ഒരു സന്ദേശമാണ് വാൻ ഡൈക്ക് നൽകിയിട്ടുള്ളത്. താൻ പൂർവ്വാധികം കരുത്തോടെ തിരിച്ചു വരുമെന്നാണ് വാൻ ഡൈക്ക് പ്രസ്താവിച്ചത്. തന്റെ ട്വിറ്റെർ വഴിയാണ് താരം കുറിപ്പ് പുറത്തിറക്കിയത്. എല്ലാ കാര്യങ്ങളും സംഭവിക്കുന്നതിന് പിന്നിലും ഓരോ കാരണങ്ങൾ ഉണ്ടായിരിക്കുമെന്നും തനിക്ക് മുമ്പത്തേതിലും മികച്ച രീതിയിൽ തിരിച്ചു വരാൻ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

” ഉച്ചക്ക് ശേഷം ഞാൻ ഡോക്ടറെ കണ്ടിരുന്നു. എന്റെ പരിക്കിനെ കുറിച്ച് ഞാൻ വിശദമായി അന്വേഷിക്കുകയും ചെയ്തു. എനിക്ക് സാധ്യമായ അത്രയും വേഗത്തിൽ പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തുന്നതിലാണ് ഞാനിപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. തീർച്ചയായും ദൈവത്തിന്റെ സഹായത്തോടെ ഞാൻ മുമ്പത്തേതിലും കൂടുതൽ നല്ല രീതിയിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർവാധികം ശക്തിയോടെ തിരിച്ചു വരുക തന്നെ ചെയ്യും. ഫുട്‍ബോളിലായാലും ജീവിതത്തിലായാലും ഓരോ സംഭവങ്ങൾക്കും പിറകിൽ ഓരോ കാരണമുണ്ടാവുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്റെ ഭാര്യയുടെയും കുട്ടികളുടെയും കുടുംബത്തിന്റെയും ലിവർപൂളിന്റെയും പിന്തുണയോട് കൂടി ഞാൻ ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറായിട്ടുണ്ട്. എന്നെ പിന്തുണച്ചു കൊണ്ട് സന്ദേശങ്ങൾ അയച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. എന്നെ കൊണ്ടാവും വിധം എന്റെ സഹതാരങ്ങളെ പിന്തുണക്കാനും ഞാൻ തയ്യാറാണ് ” വാൻ ഡൈക്ക് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *