പുറത്താക്കിയാൽ മറ്റുള്ള ടീമുകൾക്ക് കിരീടം നേടിക്കൊടുക്കും: പ്രതികരിച്ച് ടെൻഹാഗ്!
ഇന്നലെ FA കപ്പിൽ നടന്ന കലാശ പോരാട്ടത്തിൽ നഗരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് യുണൈറ്റഡ് വിജയിച്ചിട്ടുള്ളത്. യുവ സൂപ്പർതാരങ്ങളായ ഗർനാച്ചോ,മൈനൂ എന്നിവരുടെ ഗോളുകളാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്.ബോൾ പൊസഷന്റെ കാര്യത്തിൽ സിറ്റിയാണ് മുന്നിട്ടു നിന്നതെങ്കിലും ആക്രമണത്തിന്റെ കാര്യത്തിൽ യുണൈറ്റഡ് അവരെ ഞെട്ടിപ്പിക്കുകയായിരുന്നു.
FA കപ്പ് ഫൈനലിലെ റിസൾട്ട് എന്തുതന്നെയായാലും പരിശീലകൻ ടെൻഹാഗിനെ യുണൈറ്റഡ് പുറത്താക്കുമെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം കൈക്കൊള്ളാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതേസമയം കിരീടം സ്വന്തമാക്കിയതിനു ശേഷം ടെൻഹാഗ് ഈ വിഷയത്തിൽ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്. യുണൈറ്റഡ് തന്നെ പുറത്താക്കിയാൽ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോയി കൊണ്ട് അവർക്ക് കിരീടങ്ങൾ നേടിക്കൊടുക്കും എന്നാണ് ടെൻഹാഗ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“രണ്ടു വർഷത്തിനിടെ എനിക്ക് രണ്ട് കിരീടങ്ങൾ നേടാനായി.അതൊരിക്കലും മോശം കാര്യമല്ല.മൂന്ന് ഫൈനലുകൾ കളിക്കാനായി.അതൊരിക്കലും മോശം കാര്യമല്ല. ക്ലബ്ബിന് എന്നെ ആവശ്യമില്ലെങ്കിൽ ഞാൻ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോകും. എന്നിട്ട് അവർക്ക് കിരീടങ്ങൾ നേടിക്കൊടുക്കും. കാരണം അതാണ് എന്റെ ജോലി ” ഇതാണ് ടെൻഹാഗ് പറഞ്ഞിട്ടുള്ളത്.
ടെൻഹാഗിനെ പുറത്താക്കുമോ എന്ന് മാധ്യമപ്രവർത്തകർ ഇന്നലത്തെ മത്സരത്തിനുശേഷം യുണൈറ്റഡിന്റെ ഉടമസ്ഥനായ ജിം റാറ്റ്ക്ലിഫിനോട് ചോദിച്ചിരുന്നു.എന്നാൽ ഇതിനോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. പരിശീലകനെ പുറത്താക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും യുണൈറ്റഡ് മാനേജ്മെന്റ് ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്താൻ സാധ്യതയുണ്ട്.സിറ്റിയെ തോൽപ്പിച്ച് കിരീടം നേടാൻ കഴിഞ്ഞത് തീർച്ചയായും യുണൈറ്റഡ് ആരാധകർക്ക് വലിയ സന്തോഷം നൽകിയ കാര്യമാണ്.